Breaking

Tuesday, November 30, 2021

വെള്ളം കാണാതെ ഉപേക്ഷിച്ച കുഴൽക്കിണറിൽ ഒരുരാത്രി പുലർന്നപ്പോൾ പുഴപോലെ വെള്ളം..അബദ്ധം... അദ്‌ഭുതം...

നാഗലശ്ശേരി : ആദ്യം അദ്‌ഭുതം സമ്മാനിച്ച ‘ജല കാഴ്ച’ പിന്നീട് തങ്ങൾക്കുപറ്റിയ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞതിന്റെ പകപ്പിലായിരുന്നു അധികൃതർ. പക്ഷേ, സത്യാവസ്ഥ അറിയുംമുമ്പേ സംഭവം വൈറൽ ആവുകയും ചെയ്തു. തൊഴുക്കാട് പിലാക്കാട്ടിരി റോഡിൽ വെള്ളം കാണാതെ ഉപേക്ഷിച്ച കുഴൽക്കിണറിൽ ഒരുരാത്രി പുലർന്നപ്പോൾ പുഴപോലെ വെള്ളം കണ്ടെത്തിയതാണ് അദ്‌ഭുതമായത്. ഗ്രൗണ്ട് വാട്ടർ അതോറിറ്റി കുഴിച്ചത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈന് മുകളിലാണെന്ന അമളി കണ്ടെത്തിയത് പിന്നീടാണ്‌.ജലക്ഷാമമുള്ള മേഖലയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പുതുതായി കുഴൽക്കിണർ സ്ഥാപിച്ച് ജലവിതരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഗ്രൗണ്ട് വാട്ടർ അതോറിറ്റി വിഭാഗം വെള്ളമുള്ള ഭാഗം കണ്ടെത്തി പാതയരികിലായി 450 അടിയിലധികം കുഴിച്ചുനോക്കിയെങ്കിലും ഒരുതുള്ളി വെള്ളത്തിന്റെ നനവുപോലും കണ്ടെത്താൻ കഴിഞ്ഞില്ല. സമയം ഇരുട്ടിയതോടെ ഗ്രൗണ്ട് വാട്ടർ അതോറിറ്റിക്കാരും ഉദ്യോഗസ്ഥരും സ്ഥലംവിട്ടു. നേരം പുലർന്നപ്പോൾ നാട്ടുകാരെയും പ്രദേശവാസികളെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട്, ഉപേക്ഷിച്ചുപോയ കുഴൽക്കിണറ്റിൽനിന്ന്‌ ശക്തമായ ജലമൊഴുക്ക്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും ആദ്യം ഒന്നമ്പരന്നു. പിന്നീടാണ് കുഴൽക്കിണറിനായി കുഴിക്കുമ്പോൾ ഗ്രൗണ്ട് വാട്ടർ അതോറിറ്റിക്ക് പറ്റിയ അമളി ബോധ്യപ്പെട്ടത്. തൃത്താല വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പിനായി സ്ഥാപിച്ച കുഴലിന്റെ മേലെയാണ് തലേദിവസം പുതുതായി കുഴൽക്കിണർ കുഴിച്ചതെന്നും പൈപ്പ് ലൈനിൽ വെള്ളമില്ലാത്തതിനാലാണ്‌ കുഴിച്ചസമയത്ത് വെള്ളം വരാതിരുന്നതെന്നും വൈകിയാണെങ്കിലും മനസ്സിലായി. വാട്ടർ അതോറിറ്റിക്കാർ രാത്രിയിൽ കുടിവെള്ള പൈപ്പിലൂടെ വെള്ളം തുറന്നുവിട്ടപ്പോൾ പുതിയ കുഴൽക്കിണറിൽനിന്ന് നീരുറവ പൊട്ടിയപോലെ വെള്ളം വന്നത്‌ അത്ഭുതമായത്‌ അങ്ങിനെയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3E6EDFh
via IFTTT