Breaking

Friday, August 21, 2020

പ്രശാന്ത് ഭൂഷണ്‍ മാപ്പുപറഞ്ഞാല്‍ അതുതന്നെ അതിശയിപ്പിക്കുമെന്ന് അരുണ്‍ ഷൂരി

ന്യൂഡൽഹി: ജഡ്ജിമാരെ വിമർശിച്ചുകൊണ്ടുളള ട്വീറ്റുകളിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മാപ്പുപറയുകയാണെങ്കിൽ അത് തന്നെ അത്ഭുതപ്പെടുത്തുമെന്ന് മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി. ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർച്ചയായും അതൊരു വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ പ്രശാന്ത് ഭൂഷൺ തന്റെ ട്വീറ്റുകൾക്ക് മാപ്പുപറഞ്ഞാൽ അത് തീർച്ചയായും എന്നെ അത്ഭുതപ്പെടുത്തും. ഒരു വ്യക്തിയോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നത് കുറച്ചുകൂടുതലാണ്, താൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുപറ്റിയതായി ആ വ്യക്തി ആത്മാർഥമായി വിശ്വസിക്കേണ്ടതുണ്ട്. അരുൺ ഷൂരി പറഞ്ഞു. ട്വീറ്റിനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തതിനെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ട്വിറ്ററിലെ 280 ക്യാരക്ടറുകൾ ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നിനെ കുലുക്കാൻ പ്രാപ്തിയുളളതാണെന്ന് കോടതി ചിന്തിക്കുന്നുണ്ടെങ്കിൽ ജനാധിപത്യത്തിന്റെ ആ തൂണിനെ കുറിച്ചുളള ഉദ്വേഗമാണ് അത് കാണിക്കുന്നത്. സുപ്രീംകോടതിയുടെ കീർത്തി അത്രത്തോളം ദുർബലമാണെന്ന് ഞാൻ കരുതുന്നില്ല, ഒരിക്കലുമില്ല. മുൻ ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷൺ പറയുന്നുണ്ടെങ്കിൽ അദ്ദേഹത്തോട് ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യപ്പെടാൻ കോടതി ബാധ്യസ്ഥനാണ്. അതാണ് കോടതിയുടെ പ്രഥമ കർത്തവ്യം. അതാണ് നിയമം പറയുന്നത്. കോടതിയുടെയും മറ്റ് ഉന്നത ഓഫീസുകളുടേയും അന്തസ്സിനെ കുറിച്ച് സംസാരിച്ച ഷൂരി ഉന്നത ഓഫീസുകളിലെ വ്യക്തികൾ അന്തസ്സിന് വേണ്ടി നിലകൊളളുന്നത് ഒരിക്കലും ഒരു നല്ല ആശയമല്ലെന്നും അഭിപ്രായപ്പെട്ടു. അവരുടെ വാക്കുകൾ സംസാരിക്കട്ടെ, അവരുടെ വിധി സംസാരിക്കട്ടെ, അവരുടെ പെരുമാറ്റം സംസാരിക്കട്ടെ അവരുടെ ഔദ്യോഗിക ചുമതലകൾ നിറവേറ്റുന്ന രീതി സംസാരിക്കട്ടേ, അതാണ് ശരിയായ മാർഗം. ഉയർന്ന പദവികൾ, അത് രാഷ്ട്രപതി, പ്രധാനമന്ത്രി, ജഡ്ജിമാർ, സർവീസ് ചീഫ് തുടങ്ങിയവർപദവിയിലിരുന്നുകൊണ്ട് പ്രവർത്തിക്കുകയാണ് വേണ്ടത്.അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മൂന്നംഗബെഞ്ചാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തത്. ട്വീറ്റുകൾ ക്രിമിനൽ കോടതിയലക്ഷ്യമാണെന്നും പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നും സുപ്രീംകോടതി കണ്ടെത്തിയിരുന്നു. എന്നാൽ ശിക്ഷസംബന്ധിച്ച വാദം നടന്ന വ്യാഴാഴ്ച തനിക്ക് ദയയും ഔദാര്യവും ആവശ്യമില്ലെന്നും ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു. ഉത്തമവിശ്വാസത്തോടെയാണ് താൻ ട്വീറ്റുകൾ ചെയ്തതെന്നും അതിൽ മാപ്പുപറയുന്നത് ആത്മാർഥതയില്ലായ്മയാകും എന്നായിരുന്നു പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചത്. ഈ പ്രസ്താവന പുനഃപരിശോധിക്കാൻ ഓഗസ്റ്റ് 24 വരെ സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിട്ടുണ്ട്. Content Highlights:I will be surprised if Prashant Bhushan apologises Arun Shourie


from mathrubhumi.latestnews.rssfeed https://ift.tt/2QemhdT
via IFTTT