Breaking

Wednesday, August 19, 2020

ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തില്‍ അഞ്ച് പേർകൂടി അറസ്റ്റില്‍

പൂക്കോട്ടുംപാടം : പൂർണഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ അഞ്ചുപേരെക്കൂടി വനംവകുപ്പ് അറസ്റ്റുചെയ്തു. ഒരാളെ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് റിമാൻഡ്‌ ചെയ്തിരുന്നു. പുഞ്ചസ്വദേശികളായ പുല്ലാര അബു എന്ന നാണിപ്പ (47), പാറോത്തൊടിക മുഹമ്മദ് ബുസ്താൻ (30), തലക്കോട്ടുപുറം മുഹമ്മദ് അൻസിഫ് (23), ചെമ്മല ആഷിഖ് (27), പിലാക്കൽ സുഹൈൽ (28) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റുചെയ്തത്. പുഞ്ചയിലെതന്നെ നറുക്കിൽ സുരേഷ് ബാബുവിനെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഈ മാസം 10-ന് രാത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് പുഞ്ച പുല്ലാര അബു എന്ന നാണിപ്പയുടെ വീട്ടിൽനിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. നിലമ്പൂർ സൗത്ത് വനംഡിവിഷനിൽ കാളികാവ് റെയ്‌ഞ്ചിനു കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുഞ്ചവനത്തിലാണ് വേട്ട നടന്നത്. 25 കിലോയോളം ഇറച്ചി പിടിച്ചെടുത്തിരുന്നു. 200 കിലോയോളം ഇറച്ചിയുണ്ടാകുമെന്നതാണ് കണക്കുകൂട്ടൽ. രണ്ട് തലയോട്ടികൾ, മറ്റ്‌ അവശിഷ്ടങ്ങൾ എന്നിവ കാട്ടിൽ പലയിടങ്ങളിൽ തള്ളി. അവയിൽ ചിലത് പ്രതികൾ കാണിച്ചുകൊടുത്തതു പ്രകാരം അന്വേഷണസംഘം കണ്ടെടുത്തു. വെറ്ററിനറി സർജൻ ഡോ. കെ.എൻ. നൗഷാദലി ജഡം പരിശോധന നടത്തി. കാളികാവ് റെയ്‌ഞ്ച് ഓഫീസർ പി. സുരേഷ്, ചക്കിക്കുഴി ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ. സക്കീർ ഹുസൈൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണംനടത്തിയത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Q7cwhy
via IFTTT