Breaking

Sunday, April 5, 2020

കറുത്ത വസ്ത്രമണിഞ്ഞ് എത്തും; രാത്രിയില്‍ കോളിങ് ബെല്ലടിച്ചും ആളുകളെ പേടിപ്പിച്ചും അജ്ഞാതന്‍

കോഴിക്കോട് : രാത്രികാലങ്ങളിൽ കോളിങ് ബെല്ലടിച്ചും ആളുകളെ പേടിപ്പിച്ചും വീടിന്റെ മതിൽചാടിക്കടന്നും അജ്ഞാതൻ നാട്ടുകാർക്ക് ഭീഷണിയാവുന്നു. മാറാട്, നടുവട്ടം, മീഞ്ചന്ത, പന്നിയങ്കര, മോഡേൺ, കണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് ആർക്കും പിടികൊടുക്കാതെ അജ്ഞാതൻ വിലസുന്നതെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും കറുത്തവസ്ത്രമാണ് അണിയാറുള്ളത്. എവിടെയും മോഷണമൊന്നും നടന്നിട്ടില്ലെങ്കിലും ആരാണ് രാത്രിയിൽ പേടിപ്പെടുത്താൻ ഇറങ്ങുന്നതെന്നറിയാതെ കുഴങ്ങുകയാണ് ജനങ്ങളും പോലീസുമെല്ലാം. എല്ലായിടത്തും ആളുകൾ കാവൽ നിൽക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. വലിയ മതിലുകൾവരെ അനായാസം ചാടിക്കടന്നാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം നടുവട്ടത്തെ ഒരു വീടിന്റെ ടെറസ്സിനുമുകളിൽ ഒരാളെക്കണ്ടെന്ന വിവരത്തെത്തുടർന്ന് ആളുകൾ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. പിന്തുടർന്നെങ്കിലും ഓടിയെത്താൻ കഴിഞ്ഞില്ല. അരീക്കാട് പി. ആൻഡ് ടി. ക്വാർട്ടേഴ്സിനുസമീപത്തും ഇങ്ങനെയൊരു അജ്ഞാതനെത്തിയെങ്കിലും ആളുകൾ എത്തിയപ്പോഴേക്കും മതിൽചാടി രക്ഷപ്പെട്ടു. രണ്ടുമണിക്കൂർ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ലെന്ന് കോർപ്പറേഷൻ കൗൺസിലർ വി. ഷമീൽതങ്ങൾ പറഞ്ഞു. അഞ്ചോ ആറോ ആളുകൾ ഉൾപ്പെടുന്ന സംഘമാണ് ഇങ്ങനെ കറങ്ങിനടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മലയാളികളാണെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. കണ്ണഞ്ചേരിയിൽ ഇങ്ങനെയൊരു അജ്ഞാതൻ ഇറങ്ങിയിട്ടുണ്ടെന്ന് വിവരം പടർന്നതോടെ 200 പേരാണ് വെള്ളിയാഴ്ച രാത്രി 12.30 വരെ കാവലിരുന്നതെന്ന് കൗൺസിലർ നമ്പിടി നാരായണൻ പറഞ്ഞു. ആളുകളാകെ ഭയപ്പാടിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അവർ അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഏഴുമുതൽ ഒൻപതുവരെയാണ് അജ്ഞാതൻ ചുറ്റിക്കറങ്ങിയിരുന്നത്. പക്ഷേ, ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ കണ്ണഞ്ചേരിയിലെ ഒരു വീടിനുമുന്നിൽ കറുത്ത വേഷമിട്ടയാളെ കണ്ടെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. ആദ്യം ബേപ്പൂർ, മാറാട് ഭാഗങ്ങളിലായിരുന്നു പ്രശ്നം. ഇപ്പോൾ നഗരത്തിന്റെ മറ്റുഭാഗങ്ങളിലും സമാനമായ വിഷയമുണ്ടാവുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആരെങ്കിലുമാണോ ഇങ്ങനെ രാത്രിയിൽ ആളുകളെ ശല്യപ്പെടുത്താൻ ഇറങ്ങുന്നതെന്നും സംശയമുണ്ട്. കഴിഞ്ഞദിവസം നല്ലളത്ത് കഞ്ചാവിനടിമകളായ മൂന്നുപേരെ ഇങ്ങനെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നതായി സി.ഐ. എം.കെ.സുരേഷ്കുമാർ പറഞ്ഞു. ലോക്ഡൗൺ ലംഘിച്ച് 'പിടിക്കാനിറങ്ങിയാൽ' ലോക്കാവും :ലോക്ക് ഡൗൺ ലംഘിച്ച് അജ്ഞാതനെ പിടിക്കാനെന്നപേരിൽ കൂട്ടമായി പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മറ്റുപലയിടത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ അജ്ഞാതന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങൾ പരത്തി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പോലീസ് പറഞ്ഞു. Content Highlight: Anonymous who scares the locals at night kozhikode


from mathrubhumi.latestnews.rssfeed https://ift.tt/3bSgYtq
via IFTTT