കൊച്ചി: പേടിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നു തീർത്തും പറയാനാവില്ല. പോസിറ്റീവായവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും സാംപിളുകളാണ് ലാബിൽ പരിശോധനയ്ക്കെത്തുന്നത്. എല്ലാം ശ്രദ്ധയോടെയാണു ചെയ്യുന്നത്. ഒരിക്കൽപ്പോലും ഇതിൽനിന്നു മാറിനിൽക്കാൻ തോന്നിയിട്ടില്ല- കളമശ്ശേരി മെഡിക്കൽ കോളേജിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് പള്ളുരുത്തി സ്വദേശി എം.എം. പ്രജിത്ത് പറയുന്നു. 40 ശതമാനത്തോളം ശാരീരിക വെല്ലുവിളി നേരിടുന്ന ആളായിട്ടും ഏറെ ദൂരെനിന്ന് നിശ്ചയദാർഢ്യത്തോടെയാണ് പ്രജിത്ത് ദിനേന ജോലിക്കെത്തുന്നത്. സാധാരണ, മൂന്ന് ബസ് മാറിക്കയറിയാണ് എത്താറുള്ളത്. ലോക്ഡൗൺ തുടങ്ങിയതോടെ യാത്ര ബുദ്ധിമുട്ടാണ്. കുറച്ചുനേരം നടക്കുമ്പോഴേക്കും കാലു വേദനിക്കും. പള്ളുരുത്തിയിൽനിന്ന് അയൽക്കാരൻ അരൂരിലെ ബസ്സ്റ്റാൻഡിൽ വണ്ടിക്കു കൊണ്ടാക്കും. അവിടെനിന്ന് കളമശ്ശേരി ആശുപത്രിയിലേക്കു നേരിട്ടുള്ള ബസ് ഇപ്പോഴുമുണ്ട്. പക്ഷേ, അത് വൈകീട്ട് എനിക്ക് കിട്ടില്ല. അതുകൊണ്ട് ഡബിൾ ഡ്യൂട്ടിയെടുത്താണ് ഓരോ ദിവസവും കടന്നുപോകുന്നത്- പ്രജിത്ത് പറഞ്ഞു. രാവിലെ എട്ടുമണിക്ക് മെഡിക്കൽ കോളേജിലെത്തണമെങ്കിൽ രാവിലെ ആറ്-ആറരയ്ക്ക് വീട്ടിൽനിന്നിറങ്ങണം. രാവിലെ കയറിയാൽ അടുത്തദിവസം രാവിലെ എട്ടുമണിക്കാണ് ഇറങ്ങുക. വീട്ടിലെത്തിയാൽ കുളിച്ച് വസ്ത്രങ്ങളെല്ലാം അലക്കിയ ശേഷമേ വീടിനകത്തു പ്രവേശിക്കൂ. ഒരു ദിവസം വീട്ടിലേക്കു വരുന്ന വഴി പരിസരവാസികളെല്ലാം ചേർന്ന് കൈയടിച്ചാണ് വീട്ടിലേക്കു കയറ്റിയത്. ഏറെ സന്തോഷം തോന്നിയ നിമിഷമാണത്- പ്രജിത്ത് കൂട്ടിച്ചേർത്തു. Content Highlight: Prajith on Double Duty to Find CoronaVirus
from mathrubhumi.latestnews.rssfeed https://ift.tt/2V683xW
via
IFTTT