മുതലമട(പാലക്കാട് ): വിദേശത്തുള്ള മകൻ നാട്ടിലെത്തിയെന്നും കോവിഡ് ബാധയുണ്ടെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരേ പോലീസിൽ പരാതിനൽകാൻപോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിൽ സെയ്ദ് മുഹമ്മദിന്റെ മകൻ ചായക്കട നടത്തുന്ന അള്ളാപിച്ചയാണ് (55) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അംബേദ്കർ കോളനിയിലെതന്നെ അരുൺരാജിനെതിരേ (23) കൊല്ലങ്കോട് പോലീസ് കേസെടുത്തു. അള്ളാപിച്ചയുടെ മകൻ മുഹമ്മദ് അനസ് ഒന്നരവർഷത്തോളമായി സൗദി അറേബ്യയിൽ ഡ്രൈവറാണ്. കോവിഡ് ബാധിതനായി അനസ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിച്ചിരുന്നു. ഇതോടെ പതിവായി ചായകുടിക്കാനെത്തിയിരുന്ന പലരും വരാതായി. കഴിഞ്ഞ ഒരാഴ്ചയിലധികമായി ചായക്കട അടക്കേണ്ടിവന്നു. കുടുംബത്തെ ഒറ്റപ്പെടുത്തിനടത്തിയ വ്യാജ പ്രചാരണത്തിൽ മനംനൊന്ത അള്ളാപിച്ച, ഭാര്യ സിറാജുന്നീസക്കൊപ്പം വെള്ളിയാഴ്ച രാവിലെ കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ പരാതിനൽകാനെത്തി. ഓൺ ലൈനിലൂടെ മാത്രമേ പരാതി സ്വീകരിക്കൂ എന്ന് സ്റ്റേഷനിൽനിന്ന് പറഞ്ഞെന്നുപറഞ്ഞ് ഇദ്ദേഹം ബ്ലോക്ക് ഓഫീസ് റോഡിലെ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിലെത്തിയിരുന്നു. ഓഫീസ് സെക്രട്ടറി ആലത്തൂർ ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ളവരെ ഫോണിൽവിളിച്ച് ഓൺലൈനിൽ പരാതിനൽകാൻ കഴിയാത്ത കാര്യം ബോധിപ്പിച്ചു. ഇതേത്തുടർന്ന് എഴുതിയ പരാതി സ്റ്റേഷനിൽ നൽകാൻ നിർദേശിച്ചു. ഇതിനായുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കേ അള്ളാപിച്ച തളർന്നുവീഴുകയായിരുന്നുവത്രേ. ഉടൻ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു. പരാതിക്കാരൻ സ്റ്റേഷനിൽ വരുമ്പോൾ താൻ തിരക്കിലായിരുന്നെന്നും പിന്നീട് പരാതി സ്വീകരിച്ചതായും കൊല്ലങ്കോട് സി.ഐ. കെ.പി. ബെന്നി പറഞ്ഞു. അള്ളാപിച്ചയുടെ കുടുംബത്തിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്ന് പറയുന്ന ഗോവിന്ദാപുരം അംബേദ്കർ കോളനി സ്വദേശി അരുൺരാജിന്റെ (23) ഫോൺ പിടിച്ചെടുത്തതായും ഇയാൾക്കെതിരേ കേസെടുത്തതായും കൊല്ലങ്കോട് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാത്രി 10.30-ഓടെ ആനമാറി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മറ്റ് മക്കൾ: ഷെയ്ക്ക് ബീബി, ആയിഷ. മരുമക്കൾ: അബ്ദുൾസലാം ബാഖവി, കബീർ. സഹോദരങ്ങൾ: മുഹമ്മദ് സലീം, ഉമ്മർ, സൗരീത്ത്, ജമീല, സബീന. Content Highlight:CoronaVirus fake news: 55 old man dies
from mathrubhumi.latestnews.rssfeed https://ift.tt/2UYc87m
via
IFTTT