Breaking

Sunday, April 5, 2020

നിര്‍ഭാഗ്യവശാല്‍ ഒരുപാട് മരണങ്ങളുണ്ടാകും; കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നത്-ട്രംപ്

വാഷിങ്ടൺ: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയിൽ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം തന്നെ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളിൽ അനിഷ്ടം പ്രകടിപ്പിച്ച ട്രംപ് രാജ്യം വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുമെന്നും സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. നിർഭാഗ്യവശാൽ ധാരാളം മരണങ്ങൾ ഉണ്ടാകും. വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്. വളരെ ഭയനാകരമായ ഒരു സമയത്തിലൂടെയാണ് നമ്മൾ മുന്നോട്ട്പോയിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്കൊറോണയുമായി ബന്ധപ്പെട്ട് ദിനംപ്രതി നടത്തുന്ന വിശദീകരണത്തിനിടെ ട്രംപ് പറഞ്ഞു. ഇതിനിടെ ഒരു പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനയും ട്രംപ് നൽകുകയുണ്ടായി. ഈസ്റ്റർ ദിനത്തിൽ രാജ്യം വീണ്ടും തുറക്കുമെന്ന് ആദ്യം പറഞ്ഞ ട്രംപ് പിന്നീട് ഇതിൽ നിന്ന് പിൻവലിഞ്ഞു. ഈ രാജ്യം അടച്ചിടാനായി രൂപകൽപ്പന ചെയ്തിട്ടില്ല. രോഗ ചികിത്സ പ്രശ്നത്തേക്കാൾ മോശമാകരുത് ട്രംപ് കൂട്ടിച്ചേർത്തു. കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ രാജ്യമെമ്പാടും വിതരണം ചെയ്യാൻ താൻ പ്രതിജ്ഞാബദ്ധനാണ്. മഹത്തായ അമേരിക്കൻ പൗരൻമാരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ന്യൂയോർക്കിലേക്ക് ഡോക്ടർമാരേയും നഴ്സുമാരേയും സൈനികരേയും വേണ്ട വിധം നൽകും. അവർ യുദ്ധത്തിലേക്ക് പോകുകയാണ്. ഒരിക്കലും പരിശീലനം നേടിയിട്ടില്ലാത്ത യുദ്ധത്തിലേക്കാണ് അവർ പോകുന്നത് ട്രംപ് പറഞ്ഞു. കൊറോണയെ തുടർന്ന് അമേരിക്കയിൽ ഇതുവരെ 8442 പേർ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 1224 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുകയും ചെയ്തു. ന്യൂയോർക്കിൽ മാത്രം 3500 പേർ മരിച്ചിട്ടുണ്ട്. Content Highlights:'There will be death': Trump warns of 'toughest week' ahead


from mathrubhumi.latestnews.rssfeed https://ift.tt/2x2V2x2
via IFTTT