തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക അടച്ചിട്ടാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈസ്റ്റർ കുർബാന ചൊല്ലിയത്. ചരിത്രത്തിലാദ്യമായാണ് വത്തിക്കാൻ വിശ്വാസികൾക്ക് മുമ്പിൽ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഭയത്തിന് വഴങ്ങരുതെന്നും മരണത്തിന്റ നാളുകളിൽ പ്രത്യാശയുടെയും ജീവിതത്തിന്റെയും സന്ദേശ വാഹകരാകണമെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഈ ദിനങ്ങളിൽ ദരിദ്രരെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ വിവിധ ദേവാലയങ്ങളിലും വിശ്വാസികളില്ലാതെയാണ് ഉയർപ്പ് തിരുന്നാൾ ആഘോഷിച്ചത്. ഈസ്റ്റർ രാത്രികളിൽ സാധാരണ ദേവാലയങ്ങൾ വിശ്വാസികളെകൊണ്ട് തിങ്ങിനിറയുമ്പോൾ വൈദികരും ശുശ്രൂഷകരും ഉൾപ്പെടെ അഞ്ച് പേർ ചേർന്നാണ് ഇത്തവണ ഈസ്റ്റർ ശുശ്രൂഷകൾ പൂർത്തിയാക്കിയത്. മിക്ക ദേവാലയങ്ങളിലും വിശ്വാസികൾക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ തിരുക്കർമ്മങ്ങൾ കാണാൻ സൗകര്യം ഒരുക്കിയിരുന്നു. അയൽവാസികളെ കൂടി ചേർത്തുപിടിച്ചുകൊണ്ടാകണം ഇത്തവണത്തെ ഈസ്റ്റർ ആഘോഷങ്ങളെന്നും ഇത്തവണത്തെ ഈസ്റ്റർ ദിവ്യബലി എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും വിവിധ സഭാ അധ്യക്ഷൻമാർ ഈസ്റ്റർ ദിന സന്ദേശത്തിനിടെ വ്യക്തമാക്കി. ക്രൂശിക്കപ്പെട്ട് മരിച്ച് മൂന്നാം ദിവസം ക്രിസ്തു ഉയർത്തെഴുന്നേറ്റതിനെ അനുസ്മരിപ്പിക്കുന്ന ദിവസമാണ് ഈസ്റ്റർ. കൊറോണ വ്യാപനത്തിന്റെ നാളുകളിലെത്തിയ ഈസ്റ്റർ പ്രതീക്ഷയുടെ കൂടി സന്ദേശമാവുകയാണ്. Content Highlight: World celebrates Easter amid Coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2V1ywxJ
via
IFTTT