Breaking

Sunday, April 12, 2020

അവൻ പിറന്നു; കോവിഡിനെ തോൽപ്പിച്ച പുഞ്ചിരി വിരിഞ്ഞു

പരിയാരം: ഈ കെട്ടകാലവും കടന്നുപോകുമെന്ന ശുഭപ്രതീക്ഷയോടെ അവൻ ഭൂമിയിലേക്ക് കണ്ണുതുറന്നു. അവന്റെ അമ്മ കോവിഡ് രോഗിയായിരുന്നു. രോഗത്തെ തോൽപ്പിച്ചതിന്റെ രണ്ടാം ദിനം അവർ അവന് ജന്മം നൽകി. ഈ ദുരിതകാലത്തെ അതിജീവിക്കുമെന്ന പ്രതീക്ഷയുടെ ഒരു പാൽപ്പുഞ്ചിരി വിരിഞ്ഞു. കാസർകോട്ടുകാരിയായ യുവതിയാണ് കോവിഡ് മുക്തയായി രണ്ടാംദിനം പ്രസവിച്ചത്. ഭാര്യയും ഭർത്താവും കോവിഡ് പോസിറ്റീവായിരുന്നു. ഇരുവരും രോഗമുക്തരായയത് ഒരേദിനം. അസുഖബാധിതരായതുമുതൽ നെഞ്ചിടിപ്പോടെയാണ് കുഞ്ഞിന്റെ വരവിനായി അവർ കാത്തിരുന്നത്. ആശങ്കകളൊഴിഞ്ഞ് ശനിയാഴ്ച അവൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിറന്നുവീണു. വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭർത്താവിൽനിന്നാണ് യുവതിക്ക് രോഗബാധയുണ്ടായത്. രോഗം മാറിയതിനാൽ ദമ്പതിമാരെ കൊറോണ വാർഡിൽനിന്ന് വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, പ്രസവത്തിനായി യുവതിയെ വീണ്ടും അഡ്മിറ്റാക്കി. ഭർത്താവിനെയും കൂടെനിർത്തി. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘത്തിലെ ഡോക്ടർമാർ, അനസ്തേഷ്യ മേധാവി ഡോ. ചാൾസ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ സിസേറിയന് വിധേയമാക്കി. എല്ലാ സുരക്ഷാക്രമീകരണങ്ങളോടുംകൂടി പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷൻ തിയേറ്ററിലായിരുന്നു സിസേറിയൻ. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും പ്രത്യേക നിരീക്ഷണത്തിലാക്കി. കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. മാർച്ച് 20-നാണ് യുവതിയെയും ഭർത്താവിനെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ ഗർഭിണികളായ കൂടുതൽപേരെ കോവിഡ് ബാധിതരായി ചികിത്സിച്ചത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജാണ്. അഞ്ചുപേരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ കഴിഞ്ഞദിവസം ഡിസ്ചാർജായി. Content Highlights: Pregnant COVID-19 recovered woman delivers healthy child inKannur medical college


from mathrubhumi.latestnews.rssfeed https://ift.tt/3cfoui7
via IFTTT