Breaking

Wednesday, April 22, 2020

‘ഇനി വേണ്ട മദ്യം എന്നെ ഒന്ന് ചികിത്സിക്കാമോ...’

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മദ്യശാലകൾ അടച്ച ആദ്യ ദിനങ്ങളിൽ 'ഇത്തിരി എന്തെങ്കിലും കിട്ടാൻ വഴിയുണ്ടോ...?' എന്നായിരുന്നു പരക്കെയുള്ള അന്വേഷണം. നാവു നനയ്ക്കാനെങ്കിലും ഒരു തുള്ളി ചോദിച്ചവർ ഇപ്പോൾ വിളിക്കുന്നത് 'ഇതൊന്ന് നിർത്താൻ എന്താണ് വഴി' എന്ന് ചോദിച്ചാണ്. എക്സൈസ് വകുപ്പിന്റെ വിമുക്തി കൗൺസലിങ് സെന്ററുകളിൽ ഈ ആവശ്യമുന്നയിച്ചുള്ള ഫോൺവിളികൾ കൂടിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ലോക്ക്ഡൗൺ തുടങ്ങിയതുമുതൽ കഴിഞ്ഞ ദിവസം വരെ വിമുക്തി കൗൺസലിങ് സെന്ററിലേക്ക് വിളിച്ചത് 740 പേരാണ്. മദ്യം കിട്ടാതെ മാനസിക വിഭ്രാന്തിയിലായവരും ബന്ധുക്കളുമെല്ലാമാണ് ആദ്യ ദിവസങ്ങളിൽ വിളിച്ചത്. മദ്യപാനം പൂർണമായും ഉപേക്ഷിക്കാനുള്ള വഴിയാണ് ഇപ്പോൾ വിളിക്കുന്നവർ അന്വേഷിക്കുന്നതെന്ന് എക്സൈസ് വകുപ്പിലെ സോഷ്യോളജിസ്റ്റായ വിനു വിജയൻ പറഞ്ഞു. ചികിത്സ വേണമെന്നാണ് ഭൂരിഭാഗത്തിന്റെയും ആവശ്യം. ലോക്ക്ഡൗണിനു ശേഷം ചികിത്സ തുടങ്ങാമെന്ന് ഇവരോട് പറഞ്ഞിട്ടുണ്ട്. മദ്യം കിട്ടിയാൽ വീണ്ടും കുടിച്ചുതുടങ്ങുമോയെന്ന പേടിയും ഇവർ പങ്കുവയ്ക്കുന്നുണ്ട്. മദ്യം കിട്ടാതെ വന്ന ആദ്യ ദിവസങ്ങളിൽ പലരും രൂക്ഷമായ മാനസിക വിഭ്രാന്തിയിലായിരുന്നു. ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, അമിതമായ വിയർപ്പ്, ദഹനപ്രശ്നങ്ങൾ, നിർജലീകരണം എന്നിങ്ങനെയായിരുന്നു പ്രശ്നങ്ങൾ. എന്നാൽ മാനസിക വിഭ്രാന്തി പ്രശ്നങ്ങൾ ഏഴു മുതൽ 10 ദിവസത്തിനകം പരിഹരിക്കപ്പെട്ടു. 'ആരോഗ്യനില മെച്ചപ്പെട്ടു. വിശപ്പ് തിരിച്ചെത്തിയെന്നും നന്നായി ഭക്ഷണം കഴിക്കാനാകുന്നുവെന്നും പലരും പറയുന്നുണ്ട്. ഈ മാറ്റം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മദ്യപാനം പൂർണമായും ഉപേക്ഷിക്കാൻ താത്പര്യപ്പെടുന്നത്' - വിനു വിജയൻ പറഞ്ഞു. വിവിധ വിമുക്തി സെന്ററുകളിലായി നൂറിലേറെ പേരാണ് ചികിത്സയെന്ന ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടിട്ടുള്ളത്. ഈ മാറ്റം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർക്കായാണ് എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനു കീഴിൽ ഡീ അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. വൈദ്യസഹായവും കൗൺസലിങ് സൗകര്യവുമെല്ലാം ഇവിടെ ലഭ്യമാകും. ടോൾ ഫ്രീ നമ്പർ: 14405. Content Highlight: Alcoholics call Vimukthi for treatment


from mathrubhumi.latestnews.rssfeed https://ift.tt/3aw25Mm
via IFTTT