തിരുവനന്തപുരം: വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്ന കേരളരാഷ്ട്രീയത്തിലെയും കമ്യൂണിസ്റ്റ് പാർട്ടിയിലെയും അധികായൻ 97-ാം വയസ്സിലേക്ക്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാന്റെ ഔദ്യോഗിക വസതിയായ 'കവടിയാർ ഹൗസി'ൽ ബന്ധുക്കൾക്കും സ്നേഹിതർക്കുമൊപ്പം കേക്ക് മുറി. പിന്നെ, എല്ലാവരുടെയും നേരെ കൈകൂപ്പി പതിവുശൈലിയിൽ ചുരുങ്ങിയ വാക്കുകൾ. 'എല്ലാവർക്കും വെരി വെരി താങ്ക്സ്... താങ്ക്സ്... താങ്ക്സ്...' ഞായറാഴ്ച രാവിലെ 11 മണിയോടെ കവടിയാർ ഹൗസിന്റെ സന്ദർശക മുറിയിൽ വി.എസിനെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളുണ്ടായിരുന്നു. കുറച്ചുപേർ വി.എസിനടുത്ത് അദ്ദേഹത്തിന്റെ മുറിയിലും. പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ പിറന്നാളാശംസ എഴുതിയ കേക്ക് സന്ദർശകമുറിയിൽ വെച്ചു. പിന്നാലെ, ഭാര്യ വസുമതിക്കും മകൻ അരുൺകുമാറിനും കൊച്ചുമക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വി.എസ്. വന്നു. കൈലിമുണ്ടും ടിഷർട്ടുമിട്ട് വീട്ടുകാരന്റെ വേഷത്തിൽ. പാർട്ടി നേതാവായി മുൻമന്ത്രി എം. വിജയകുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേക്ക് മുറിച്ചുകഴിഞ്ഞ് ഇത്തിരിനേരംകൂടി ഫോട്ടോ എടുക്കാനായി അദ്ദേഹം സന്ദർശനമുറിയിൽ ഇരുന്നു. ഇതിനിടെ വട്ടിയൂർക്കാവിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. പ്രശാന്തെത്തി. വി.എസ്. പ്രശാന്തിന്റെ കൈപിടിച്ച് ഒന്നുചിരിച്ചു. ഗുരുവായൂർ ദേവസ്വംബോർഡ് അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ ഒരു കൃഷ്ണവിഗ്രഹം വി.എസിന് സമ്മാനിച്ചു. 'വിപ്ലവ സൂര്യൻ', 'നിലയ്ക്കാത്ത പോരാട്ടം' എന്നീ സാമൂഹികമാധ്യമ കൂട്ടായ്മയിലെ അംഗങ്ങളും എത്തിയിരുന്നു. ഇവരും മലമ്പുഴയിൽനിന്നെത്തിയവരും വി.എസിന് സമ്മാനം നൽകിയാണ് മടങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ തുടങ്ങിയവരും വി.എസിന് പിറന്നാൾ ആശംസ നേർന്നു. content highlights: vs achuthanandan, birthday, CPIM
from mathrubhumi.latestnews.rssfeed https://ift.tt/33IV084
via
IFTTT