Breaking

Monday, October 21, 2019

താരനിരയ്ക്കൊപ്പം മോദി

ന്യൂഡൽഹി: മാറുന്ന ആഗോളസാഹചര്യത്തിൽ ഇന്ത്യയിലും ലോകമാകെയും മഹാത്മാഗാന്ധിയെ പുനരവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന് എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ച് ആലോചിക്കാൻ ബോളിവുഡ് താരങ്ങളും സംവിധായകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ശുചിയായിരിക്കണമെന്ന് നമുക്കെല്ലാവർക്കുമറിയാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശുചിത്വ ദൗത്യ'ത്തിലൂടെ ആ ആശയം പുനരവതരിപ്പിച്ചു. നാമെല്ലാം അതേക്കുറിച്ചറിഞ്ഞു, കൂടുതൽ ബോധവാന്മാരായി. ഇനി ഗാന്ധിജിയെ പുനരവതരിപ്പിക്കേണ്ടതും ആവശ്യമാണെന്ന് ഞാൻ കരുതുന്നു” -ഷാരൂഖ് പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സിനിമാ, ടെലിവിഷൻ പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സിനിമാ, ടെലിവിഷൻ മാധ്യമങ്ങളിലൂടെ യുവജനതയുടെ മനസ്സിൽ ഉറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിനുവേണ്ടി നിങ്ങളുടെ സർഗശക്തിയെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പരിപാടിയുടെ ഫോട്ടോകൾ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രധാനമന്ത്രി, ജനങ്ങളെല്ലാവരും ഹൃദയപൂർവം പ്രവർത്തിച്ചാൽ അസാധാരണമായ ഫലങ്ങളുണ്ടാകുമെന്നും അടിക്കുറിപ്പിട്ടു. ഷാരൂഖിന്റെ ഹിറ്റ് ചിത്രമായ 'ദിൽ സേ' എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു കുറിപ്പ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രചോദനമേകുന്നതായിരുന്നെന്ന് ആമിർ ഖാൻ പ്രതികരിച്ചു. ഷാരൂഖിനും ആമിറിനും പുറമെ സോനം കപൂർ, കങ്കണാ റണൗട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, ഏക്താ കപൂർ, അനുരാഗ് ബസു, ബോണി കപൂർ, ഇംതിയാസ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. Content Highlights:Modi with Bollywood actors


from mathrubhumi.latestnews.rssfeed https://ift.tt/31zNVVY
via IFTTT