Breaking

Monday, October 21, 2019

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുന്നു; ആശങ്കയായി മഴ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും മോക്ക് പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് മോക്ക് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മഴ തുടരുമെന്നാണ് പ്രവചനം. ഉപതിരഞ്ഞെടുപ്പിൽ 896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേർക്കാണ് വോട്ടവകാശം. 4,91,455 വനിതകളും 4,66,047 പുരുഷൻമാരും ഏഴ് ട്രാൻസ്ജെൻഡറുകളും ഉൾപ്പടെയാണിത്. 35 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. വോട്ടർ തിരിച്ചറിയൽകാർഡുൾപ്പടെ 12 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാം. എൻ.ആർ.ഐ വോട്ടർമാർ പാസ്പോർട്ട് കരുതണം. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് തിരിച്ചറിയൽരേഖയായി ഉപയോഗിക്കാം. എന്നാൽ സഹകരണബാങ്കുകളിലെ പാസ്ബുക്ക് അംഗീകരിക്കില്ല. അഞ്ചുമണ്ഡലങ്ങളിലെ 140 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളായ വോട്ടർമാർക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. വോട്ടെടുപ്പ് സുരക്ഷയ്ക്കായി 10 കമ്പനി കേന്ദ്രസേന കൂടാതെ സംസ്ഥാന പോലീസിൽനിന്ന് 3696 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സി.ഐ.എസ്.എഫിന്റെ ആറ്് പ്ലാറ്റൂണിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെല്ലും സജ്ജമാണ്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭകളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബി.ജെ.പി. ഭരിക്കുന്ന മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്കും ഹരിയാണയിൽ 90 മണ്ഡലങ്ങളിലേക്കുമാണ് ജനവിധി. കേരളത്തിലെ അഞ്ചെണ്ണമുൾപ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതിൽ 20 എണ്ണം ബി.ജെ.പി.യുടെയും 12 എണ്ണം കോൺഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്. കർണാടകയിലെ 15 നിയമസഭാമണ്ഡലങ്ങളിലേക്ക് നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് സുപ്രീംകോടതി നിർദേശപ്രകാരം മാറ്റിയിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ്. വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയത് ചോദ്യംചെയ്തുള്ള ഹർജിയിൽ വാദം തുടരുന്നതിനാലാണ് നടപടി. Content Highlights:kerala byelection 2019 polling day


from mathrubhumi.latestnews.rssfeed https://ift.tt/2J7tZDr
via IFTTT