Breaking

Tuesday, October 22, 2019

അഹമ്മദ് കുഞ്ഞി വീണ്ടും വോട്ടുചെയ്തു, പരലോകത്തുനിന്നല്ല

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വൊർക്കാടി ബാക്രബയൽ കജെ ഹൗസിൽ അഹമ്മദ് കുഞ്ഞി വോട്ടുചെയ്തശേഷം മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി ആരോടെന്നില്ലാതെ ചിരിച്ചുകൊണ്ട്് ഉറക്കെ വിളിച്ചുപറഞ്ഞു -''ഞാൻ മരിച്ചിട്ടില്ല, ഇനിയും വോട്ടുചെയ്യും''. 2017 ജൂൺ 15-ന് ഹൈക്കോടതിയിൽ നടന്ന തെളിവെടുപ്പിനിടെ കോടതിമുറിക്കുള്ളിൽ ചിരിച്ചുകൊണ്ട് അന്നും അഹമ്മദ് കുഞ്ഞി വിളിച്ചുപറഞ്ഞിരുന്നു- ''ഞാൻ മരിച്ചിട്ടില്ല, ഇനിയും വോട്ടുചെയ്യും''. വൊർക്കാടി ഗ്രാമപ്പഞ്ചായത്തിലെ ബാക്രബയൽ എ.യു.പി. സ്കൂളിലെ 41-ാം നമ്പർ ബൂത്തിലെ 738-ാം നമ്പർ വോട്ടറാണ് ഇക്കുറി അഹമ്മദ് കുഞ്ഞി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരസഹായമില്ലാതെ വോട്ടുചെയ്ത എൺപതുകാരനായ അദ്ദേഹം ഇക്കുറി മക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണു ബൂത്തിലെത്തിയത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്തെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. സ്ഥാനാർഥി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അഹമ്മദ് കുഞ്ഞിയെ സമൻസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. യു.ഡി.എഫ്. സ്ഥാനാർഥി പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രൻ തോറ്റത്. അഹമ്മദ് കുഞ്ഞി ഉൾപ്പെടെ 'മരിച്ച' രണ്ടുപേർ വോട്ടുചെയ്തുവെന്നും 259 കള്ളവോട്ട് നടന്നുവെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെ 2018 ഒക്ടോബർ 20-ന് പി.ബി. അബ്ദുൾ റസാഖ് അന്തരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതിനടപടി തുടരുന്നതിനാൽ അത് ഒരുവർഷം നീണ്ടു. ഏറ്റവുമൊടുവിൽ സുരേന്ദ്രൻ ഹർജി പിൻവലിച്ചതിനെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. content highlights: Manjeshwaram election 2019


from mathrubhumi.latestnews.rssfeed https://ift.tt/2o5pLoF
via IFTTT