Breaking

Tuesday, October 22, 2019

ടിക്കാറാം മീണ മാപ്പുപറയണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസിന്റെ വക്കീൽ നോട്ടീസ്

ചങ്ങനാശ്ശേരി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്ക്ക് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ വക്കീൽനോട്ടീസ് അയച്ചു. കേരളത്തിൽ എൻ.എസ്.എസ്. വർഗീയമായ പ്രവർത്തനം നടത്തുന്നു എന്ന ധാരണ പരത്തുംവിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് അഡ്വ.ആർ.ടി.പ്രദീപ് മുഖേന മീണയ്ക്ക് വക്കീൽനോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് തയ്യാറാകാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.ജാതിയുടെ പേരിൽ എൻ.എസ്.എസ്. വോട്ട് പിടിക്കാൻ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തുനിന്നുണ്ടായത്. സമദൂരത്തിൽനിന്ന് ശരിദൂരം സ്വീകരിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എൻ.എസ്.എസിനുണ്ട്. നമ്മുടെ സമൂഹത്തിൽ ജാതീയമായ ഉച്ചനീചത്വം ഇല്ലാതാക്കുക എന്നതാണ് എൻ.എസ്.എസിന്റെ ലക്ഷ്യവും ചരിത്രവും. ജാതിരഹിത സമൂഹത്തിനായുള്ള ശ്രമമാണ് എല്ലാക്കാലത്തും എൻ.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളം സാമൂഹികരംഗത്ത് കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിക്കും എൻ.എസ്.എസിന് പങ്കുണ്ട്. ആ ചരിത്രം മനസ്സിലാക്കാതെയാണ് തികച്ചും നിരുത്തരവാദപരമായി വർഗീയതയുടെ നിറച്ചാർത്ത് എൻ.എസ്.എസിന് തിരഞ്ഞെടുപ്പ് ഓഫീസർ കൽപ്പിച്ചുനൽകിയത്. വിശ്വാസസംരക്ഷണം, ക്ഷേത്ര ആരാധന എന്നീ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പല നടപടികളിലും എൻ.എസ്.എസിന് പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാരിന് എതിരായുള്ള പ്രതിഷേധ കാരണങ്ങൾ അക്കമിട്ട് ജനറൽ സെക്രട്ടറി നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ളതായും നോട്ടീസിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MCx2Ga
via IFTTT