ഗാന്ധിനഗർ (കോട്ടയം): വിടരുംമുമ്പേ മൈതാനത്തുവീണ് ആ കണ്ണീർപുഷ്പം പൊലിഞ്ഞു. സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ തലയിൽ ഹാമർവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫീൽ ജോൺസൺ (16) കായികകേരളത്തെ കണ്ണീരിലാഴ്ത്തി യാത്രയായി. 17 ദിവസം മരണത്തോടുമല്ലടിച്ചശേഷമായിരുന്നു അഫീൽ കീഴടങ്ങിയത്. സംഘാടകർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു. മൃതദേഹം ചൊവ്വാഴ്ച 10-ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. ശവസംസ്കാരം നാലിന് മൂന്നിലവ് ചെവ്വൂർ സെന്റ് മാത്യൂസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസന്റെയും ഡാർളിയുടെയും ഏക മകനാണ്. ഫുട്ബോൾ താരമായിരുന്ന കുട്ടി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വൊളന്റിയറായിരുന്നു. പാലാ സെന്റ് തോമസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ഒക്ടോബർ നാലിന് രാവിലെ പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ ഹാമർ, ജാവലിൻ മത്സരങ്ങൾ സമാന്തരമായി നടക്കുമ്പോഴാണ് അപകടമുണ്ടായത്. ജാവലിൻ മത്സരത്തിൽ വൊളന്റിയറായിരുന്നു അഫീൽ. ഒരു മത്സരാർഥി എറിഞ്ഞ ജാവലിൻ എടുത്തുനൽകാൻ മൈതാനത്തിലൂടെ പോകുമ്പോഴാണ് ഹാമർ തലയിൽ വീണത്. ഹാമറിന്റെയും ജാവലിന്റെയും ലാൻഡിങ് സോണും സമാന്തരമായിട്ടായിരുന്നു. പൂജയവധിക്കുമുമ്പ് മത്സരം തീർക്കാനാണ് സംഘാടകർ തിരക്കിട്ട് സമാന്തരമായി മത്സരങ്ങൾ നടത്തിയത്. നെറ്റിക്കടുത്ത് ഹാമർ പതിച്ച് മൈതാനത്തുവീണ അഫീലിനെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. തലയ്ക്ക് അന്നുതന്നെ ശസ്ത്രക്രിയ നടത്തി രക്തസ്രാവം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. എന്നാൽ മരുന്നുകളോട് ശരീരം പ്രതികരിച്ചില്ല. പിന്നീട് ശ്വാസകോശ അണുബാധയും വന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മരിച്ചു. ഹൃദയാഘാതവും മരണകാരണമായി. സംഘാടനവീഴ്ചയെന്ന് കണ്ടെത്തൽ അപകടസാധ്യതയുള്ള ഹാമർ ത്രോയും ജാവലിനും സമാന്തരമായി നടത്തിയതാണ് അപകടകാരണമെന്ന് പാലാ ആർ.ഡി.ഒ. റിപ്പോർട്ട് നൽകിയിരുന്നു. അപകടകരമായി മത്സരം നടത്തിയതിന് സംഘാടകർക്കെതിരേ പാലാ പോലീസ് കേസെടുക്കുകയും ചെയ്തു. content highlights: Student injured after Hammer falls to head During Athletic Meet Succumbs to death
from mathrubhumi.latestnews.rssfeed https://ift.tt/2N4Tqqs
via
IFTTT