കൊച്ചി: ദീനാനുകമ്പയെപ്പറ്റി വാതോരാതെ പ്രസംഗിക്കുമ്പോഴും അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ വല്ലാത്ത മടിയാണ് മിക്കവർക്കും. രാഷ്ട്രീയ പ്രവർത്തകരെ അവമതിക്കാനാവട്ടെ വല്ലാത്ത താത്പര്യവും. ഇതിനിടയിലാണ് മനുഷ്യത്വപരമായ പ്രവർത്തനം നടത്തി കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടനും സി.പി.എം. കോടന്തുരുത്ത് ബ്രാഞ്ച് സെക്രട്ടറി രമണനും വാർത്തകളിൽ നിറയുന്നത്. സംഭവത്തെക്കുറിച്ച് കുഴൽനാടൻ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. എല്ലാ രാഷ്ട്രീയക്കാരോടും പുച്ഛമുള്ളവർ ഇത് വായിക്കണം എന്ന ആമുഖത്തോടെയായിരുന്നു കുറിപ്പ്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് അരൂർ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് മടങ്ങുകയായിരുന്നു മാത്യു. വഴിമധ്യേ അപകടം കണ്ടാണ് വണ്ടി നിർത്തിയത്. കാർ ഇടിച്ച് തകർന്ന് കിടക്കുന്നു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിലുള്ള ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടുപേരെയും മാത്യുവും ഡ്രൈവറും ചേർന്ന് വാഹനത്തിൽകയറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായയാളെ സുരക്ഷിതമായെത്തിക്കുന്നതിന് ഒരാൾകൂടി വാഹനത്തിൽക്കയറാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ലെന്ന് മാത്യു പറയുന്നു. ഒടുവിൽ കൈലിമുണ്ട് ഉടുത്ത ഒരാൾ മുന്നോട്ടുവന്നു. പരിക്കേറ്റ രണ്ടുപേരെയും ലേക്ഷോർ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും അത്യാഹിതവിഭാഗത്തിലെത്തിച്ച് പുറത്തിറങ്ങുംവരെ താനും കൂടെവന്നയാളും സംസാരിച്ചിരുന്നില്ലെന്ന് മാത്യു പറയുന്നു. ഒടുവിൽ പിരിയാൻ നേരമാണ് പരിചയപ്പെട്ടത്. അതേക്കുറിച്ച് മാത്യു പറയുന്നു: ആ ചേട്ടൻ ചോദിച്ചു. സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ഞാൻ സ്വയം പരിചയപ്പെടുത്തി: ഞാൻ മാത്യു കുഴൽനാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചാരണ പരിപാടിക്ക് വന്നതാണ്... അപ്പോൾ ആ ചേട്ടൻ പറഞ്ഞു: ഞാൻ രമണൻ, സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. ഞങ്ങൾ കൂടുതൽ സംസാരിച്ചില്ല. പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു. ചോരയൊലിക്കുന്നയാളുടെ തല എന്റെ മടിയിലും കാൽ മാത്യുവിന്റെ മടിയിലും വെച്ചാണ് ആശുപത്രിയിലെത്തിച്ചത്. വലിയ പരിക്കുകളില്ലാത്ത സഹയാത്രികൻ കാറിന്റെ മുന്നിൽ ഇരിക്കുകയും ചെയ്തു -രമണൻ മാതൃഭൂമിയോട് പറഞ്ഞു. എങ്ങനെ തിരിച്ചു പോകും എന്ന് ശങ്കിച്ച് നിന്ന രമണനെ മറ്റൊരു കാറിൽ കയറ്റി യാത്രയാക്കുകയായിരുന്നു മാത്യു. ഫോർട്ട്കൊച്ചി സ്വദേശികളായ നദീമും സഞ്ജുവുമാണ് അപകടത്തിൽ പെട്ടത്. ചെറിയ പരിക്കുകൾ മാത്രമുണ്ടായിരുന്ന സഞ്ജു ആശുപത്രി വിട്ടു. തലച്ചോറിൽ പൊട്ടലുണ്ടെങ്കിലും നദീം അപകടനില തരണംചെയ്തിട്ടുണ്ട്. യഥാസമയത്ത് എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർ പറഞ്ഞു. Content Highlights: Helping hand by politicians
from mathrubhumi.latestnews.rssfeed https://ift.tt/2qgAopj
via
IFTTT