Breaking

Thursday, October 17, 2019

വോട്ട് മറിക്കാന്‍ സാധ്യത എന്ന പ്രചാരണം ശുദ്ധമണ്ടത്തരം- ശശി തരൂര്‍

സ്വതന്ത്രചിന്താഗതിയും ഒരു പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നവർ ഏതെങ്കിലും നേതാക്കന്മാർ വന്ന് അവരുടെ താൽപര്യത്തിന് വേണ്ടി മറ്റൊരു പാർട്ടിയിൽപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവുമുള്ളവർ അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് തിരുവനന്തപുരം എം പി ശശി തരൂർ. ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർഥിയെയാണ് യു.ഡി.എഫ്. വട്ടിയൂർക്കാവിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഒന്നിരുത്തി ചിന്തിച്ചാൽ വട്ടിയൂർക്കാവിലെ വോട്ടർമാർ മോഹൻകുമാറിനെ തന്നെ വിജയിപ്പിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ശശി തരൂർ എം പി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്... ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർഥിയാണ് മോഹൻകുമാർ... ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർഥിയെയാണ് യു ഡി എഫ്വട്ടിയൂർക്കാവിലേക്ക് നിയോഗിച്ചിരിക്കുന്നത്. കഴിവും അറിവും അനുഭവവും ഒത്തിണങ്ങിയ സ്ഥാനാർഥിയാണ് കെ. മോഹൻകുമാർ. 1995-ൽ തന്റെ പൊതുപ്രവർത്തനം ആരംഭിച്ചതു മുതൽ ഇന്നു വരെ പാർട്ടിയുടെ നിരവധി സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ട് അദ്ദേഹം. ഇതുവരെയും അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും അഴിമതിയോആരും അദ്ദേഹത്തെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. തന്റെ പൊതുപ്രവർത്തനത്തിലൂടെ മറ്റുള്ളവർക്ക് ഗുണമുണ്ടാകുന്ന കാര്യങ്ങൾ മാത്രമേ മോഹൻകുമാർ ചെയ്തിട്ടുള്ളൂ. പാലിക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം നൽകുകയും പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുകയും, തന്റെ ഉത്തരവാദിത്തങ്ങൾ മാന്യതയോടെയും കൃത്യതയോടെയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. നിയമസഭയിൽ ജനങ്ങൾക്കു വേണ്ടി സംസാരിക്കാനും സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുനുമൊക്കെ അനുഭവസമ്പത്തും ഉത്തരവാദിത്തവുമുള്ള ഒരു എം.എൽ.എയെ തന്നെയാണ് ആവശ്യം. ഭരണം കഴിയാൻ ഇനി ഒന്നര വർഷം മാത്രമാണ് ബാക്കിയുള്ളത്. താരതമ്യേന പുതുമുഖങ്ങളായ മറ്റ് രണ്ട് സ്ഥാനാർഥികളും എം എൽ എ ആയി കാര്യങ്ങൾ പഠിച്ചു വരുമ്പോഴേക്കും ഭരണം അവസാനിക്കും. അതിലും നല്ലത് അനുഭവസമ്പത്തുള്ള ഒരാൾ ആ സ്ഥാനത്തെത്തി ബാക്കിയുള്ള സമയം പ്രയോജനപ്രദമായി വിനിയോഗിക്കുന്നതല്ലേ. സി പി എം- ബി.ജെ.പി. സ്ഥാനാർഥികൾക്ക് എന്ത് നേട്ടങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്... യുവനേതാവ് എന്ന നിലയിലാണ് സി പി എം സ്ഥാനാർഥി വി കെ പ്രശാന്തിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണ പരിപാടികൾ നടക്കുന്നത്. പക്ഷേ സ്ഥാനാർഥി യുവാവ് മാത്രം ആയാൽ മതിയോ? കഴിവും വേണ്ടേ. കഴിഞ്ഞ നാലുകൊല്ലമായി മേയർ സ്ഥാനത്തിരുന്നിട്ടും അദ്ദേഹത്തിന് തലസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി ഒന്നു ചെയ്യാൻ സാധിച്ചിട്ടുമില്ല, അതിനുള്ള അവസരമോ സാവകാശമോ അദ്ദേഹത്തിന്റെ പാർട്ടി നൽകിയിട്ടുമില്ല. സമ്മതിദായകരോട് ചൂണ്ടിക്കാണിക്കാനായി എന്ത് നേട്ടമാണ് പ്രശാന്തിനുള്ളത്. കൃത്യമായി മാലിന്യനിർമാർജനം നടത്താത്തതിന്റെ പേരിൽ പതിനാലരക്കോടി രൂപയാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പിഴ അടയ്ക്കേണ്ടി വന്നത്. കഴിഞ്ഞവർഷത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും ചെയ്തു തീർക്കാൻ കഴിഞ്ഞിട്ടില്ല മേയർക്ക്. നേമത്തൊക്കെ ഇപ്പോഴും ജനങ്ങൾ ടാർപോളിൻ കെട്ടി അതിന്റെ താഴെയാണ് താമസിക്കുന്നത്. ഇതിനൊക്കെ എന്ത് പരിഹാരമാണ് മേയർക്ക് കാണാനായത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം എന്ത് പ്രയോജനമാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ജീവിതസാഹചര്യത്തിൽ എന്ത് മാറ്റം വരുത്താനായി. അങ്ങനെ നോക്കുമ്പോൾ വീണ്ടും എന്തിനാണ് അവർക്കു വേണ്ടി ഒരു എം.എൽ.എയെക്കൂടി നൽകുന്നത് എന്നതാണ് ചോദ്യം. ഈ ചോദ്യങ്ങൾക്കൊന്നും ജനങ്ങൾക്ക് മറിപടിയില്ല. ഇനി ബി ജെ പി സ്ഥാനാർഥിയെ നോക്കുകയാണെങ്കിൽ എസ് സുരേഷിനെക്കുറിച്ച് പറയാനും കൂടി ഒന്നുമില്ല. ഇതൊക്കെ കണക്കിലെടുത്ത് വട്ടിയൂർക്കാവിലെ വോട്ടർമാർ ഒരഞ്ചു നിമിഷം ഇരുത്തി ചിന്തിച്ചാൽ കെ. മോഹൻകുമാറിന് തന്നെ അവർ വോട്ട് ചെയ്യും. വോട്ട് മറിക്കാനുള്ള സാധ്യതയൊക്കെ ശുദ്ധമണ്ടത്തരമാണ്... സ്വതന്ത്രമായ ചിന്താഗതിയും ഏതെങ്കിലും പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നവർ ഏതെങ്കിലും നേതാക്കന്മാർ വന്ന് അവരുടെ താൽപര്യത്തിന് വേണ്ടി മറ്റൊരു പാർട്ടിയിൽപെട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവുമുള്ളവർ അങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് ശുദ്ധമണ്ടത്തരമാണ്. വ്യക്തിയുടെ അവകാശമാണ് അവരുടെ വോട്ടവകാശം. അതു മറ്റൊരാളുടെ വാക്കു കേട്ടു മാറ്റി ചെയ്യുന്നത് തെറ്റായ കാര്യമാണ്. എം പി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ എനിക്ക് മറ്റ് പാർട്ടി അനുഭാവികളുടെ വോട്ട് ലഭിച്ചിരുന്നു. പക്ഷേ അവർ അങ്ങനെ ചെയ്തത് ഏതെങ്കിലും നേതാവ് പറഞ്ഞിട്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. വോട്ടർമാർക്ക് ഞാൻ ആ സ്ഥാനത്തേക്ക് വരണം എന്ന ആഗ്രഹം കൊണ്ടാണ് അവർ വോട്ട് മാറ്റി കുത്തിയത്. എന്റെ അഭിപ്രായത്തിൽ നമ്മൾ എല്ലാവരോടും വോട്ട് ചോദിക്കണം. കമ്യൂണിസ്റ്റ് കുടുംബമെന്നോ കോൺഗ്രസ് കുടുംബമെന്നോ വേർതിരിവ് കാണിക്കരുത്. വ്യക്തിപരമായ നിങ്ങളുടെ കഴിവ് കണ്ട് അവർക്ക് നിങ്ങൾക്ക് വോട്ട് തരാൻ തോന്നുന്നുണ്ടെങ്കിൽ അത് വേണ്ടെന്ന് വെക്കേണ്ടതില്ലല്ലോ. അതുമല്ല, വിജയിച്ചു കഴിഞ്ഞാൽ നിങ്ങൾ എല്ലാവരുടേയും എം എൽ എ ആണല്ലോ. വോട്ടിങ് ബൂത്തിലെത്തി ഇ വി എമ്മിൽ കുത്തുന്നതു വരെ വോട്ടറെ സ്വാധീനിക്കാം എന്നതിലുപരി അവിടെ കയറി വോട്ട് ചെയ്യാൻ നേതാക്കന്മാർക്കാവില്ലല്ലോ. അതുകൊണ്ടുതന്നെ എല്ലാവരോടും വോട്ട് ചോദിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ആര് വിജയിച്ചാലാണോ നാടിന് ഗുണമുണ്ടാവുന്നത് അതിന്റെ അടിസ്ഥാനത്തിൽ വേണം ആർക്ക് വോട്ട് ചെയ്യണമെന്ന് സമ്മതിദായകർ തീരുമാനിക്കാൻ. അങ്ങനെ നോക്കുകയാണെങ്കിൽ വട്ടിയൂർക്കാവിൽ വിജയിക്കാൻ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർഥി കെ. മോഹൻകുമാറാണ്. ശബരിമല വിഷയം പറഞ്ഞ് വോട്ട് പിടിക്കാൻ സി പി എമ്മിനും ബി ജെ പിക്കും അവകാശമില്ല... ശബരിമല വിഷയം പ്രധാന പ്രചാരണവിഷയമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. വിശ്വാസികളുടെ ആവശ്യങ്ങൾ മനസിലാക്കാനും അവകാശം സംരക്ഷിക്കാനും വേണ്ടി ബി ജെ പി എന്തു ചെയ്തു എന്നാണ് അവകാശപ്പെടുന്നത്? കേന്ദ്രത്തിൽ ബി ജെ പി ഭരണമല്ലേ ഉള്ളത്. സുപ്രീം കോടതി വിധി വന്നപ്പോൾ വിശ്വാസികൾക്കനുകൂലമായി അവർ എന്ത് നടപടിയാണ് എടുത്തത്. പവിത്രമായ ഒരു സ്ഥലത്തെ ഒരു രാഷ്ട്രീയ നാടകവേദിയാക്കി എന്നതിലുപരിയായി കേരളത്തിലെ ബി ജെ പി വിശ്വാസികളുടെ സംരക്ഷണത്തിനായി വേറെ എന്താണ് ചെയ്തത്. ഡിസംബറിലും ജനുവരിയിലും ഇതുമായി ബന്ധപ്പെട്ട് ഞാൻ പാർലമെന്റിൽ സംസാരിച്ചപ്പോഴോ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടപ്പോഴോ ഒരു ബി ജെ പി നേതാവിന്റെയും പിന്തുണ ഉണ്ടായില്ല. കൊല്ലത്ത് നിന്നുള്ള യു ഡി എഫ് എം പി എൻ കെ പ്രേമചന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൈവറ്റ് മെമ്പേഴ്സ് ബിൽ അവതരിപ്പിച്ചപ്പോഴും ബി.ജെ.പി.യുടെ പിന്തുണ ഉണ്ടായില്ല. അയോധ്യാവിഷയം പോലെ ശബരിമലവിഷയവും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കത്തിച്ചു നിർത്തണം എന്നതിലുപരി ബി ജെ പിക്ക് വിശ്വാസികളുടെ അവകാശം സംരക്ഷിക്കണം എന്ന വിചാരമില്ല. ശബരിമല വിഷയം പറഞ്ഞ് വോട്ട് ചോദിക്കാൻ ബി ജെ പി സത്യത്തിൽ ലജ്ജിക്കേണ്ടതാണ്. കഴിഞ്ഞ വർഷം എസ്.സി.എസ്.ടി. അട്രോസിറ്റി ആക്ട് വന്നപ്പോൾ നിരവധിപേർ അതിനെതിരായി മുന്നിട്ടുവരികയും ശബരിമലയ്ക്ക് സമാനമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാവുകയും ചെയ്തിരുന്നു. ബി.ജെ.പി. എത്രയും വേഗം ഭരണഘടനാ ഭേദഗതി വരുത്തി ആ പ്രശ്നം പരിഹരിച്ചു. വോട്ട് ബാങ്ക് സംരക്ഷിക്കാൻ വേണ്ടിയുള്ള വെപ്രാളമായിരുന്നു ബി.ജെ.പി. അവിടെ കാണിച്ചത്. കേരളത്തിൽ അവർക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ ശബരിമല വിഷയം കത്തിച്ചു നിർത്തുന്നതാണ് അവർക്ക് വോട്ടർമാരെ കൂട്ടാനുള്ള പ്രധാന മാർഗം. കേന്ദ്രത്തിൽ ഭരണം ഉണ്ടായിട്ട് കൂടി വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന ബി ജെ പി വട്ടിയൂർക്കാവിൽ ഒരു എം എൽ എയെ തിരഞ്ഞെടുത്താണോ വിശ്വാസികളെ സംരക്ഷിക്കാൻ പോകുന്നത്. വിശ്വാസികളെ സംരക്ഷിക്കാനായി ബി.ജെ.പി. ഒന്നും ചെയ്തിട്ടില്ലെന്ന് എൻ.എസ്.എസും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടല്ലോ. ഇനി, ഇടതുപക്ഷം ഈ വിഷയത്തിൽ എന്താണ് ചെയ്തത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് അവർ ചെയ്തത് എന്നാണ് പറയപ്പെടുന്നത്, പക്ഷേ അതിൽ എത്രത്തോളം സത്യമുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പിറവത്ത് നടന്ന ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്കം തന്നെയെടുക്കാം. അവിടെയും സുപ്രീം കോടതി വിധി ഉണ്ടായിരുന്നു. എന്നിട്ടും എത്ര സാവധാനത്തിലാണ് സർക്കാർ വിധി നടപ്പിലാക്കാനുള്ള നടപടികൾ ചെയ്തത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് തന്നെ ഇരുസഭകളിലുംപെട്ട പ്രധാന നേതാക്കളോടെല്ലാം ചർച്ച നടത്തുകയും വിശ്വാസികളുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് നടപടികൾ തുടങ്ങിയത് തന്നെ. എന്നിട്ടും വിധി പൂർണമായും നടപ്പിലാക്കിയിട്ടില്ല. പിന്നെ എന്തിനായിരുന്നു ശബരിമല വിഷയത്തിൽ മാത്രം വിധി നടപ്പാക്കാൻ ഈ മാരത്തൺ ഓട്ടം. സ്ത്രീകളെ ഹെൽമറ്റും ജാക്കറ്റുമിട്ടാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. വിശ്വാസത്തിന്റെ കാര്യത്തിൽ എന്തിനായിരുന്നു ഈ ഇരട്ടത്താപ്പ് എന്ന് സി.പി.എമ്മുകാരോടും ചോദിക്കാവുന്നതാണ്. ഇതൊക്കെ വച്ചു നോക്കുമ്പോൾ ശബരിമല വിഷയം കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല എന്നു തന്നെ പറയാം. ശബരിമല വിഷയത്തിൽ ആദ്യം മുതൽ തന്നെ ഒരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികൾക്കൊപ്പം നിൽക്കുകയും ചെയ്ത ഒരേ ഒരു പാർട്ടി കോൺഗ്രസ് തന്നെയാണ്. content highlights:shashi tharoor mp on byelection and possibility of cross voting


from mathrubhumi.latestnews.rssfeed https://ift.tt/33uNs94
via IFTTT