Breaking

Thursday, October 17, 2019

എന്റെ കുഞ്ഞേ... മകന്റെ യൂണിഫോമിൽ മുത്തമിട്ട് അഭിജിത്തിന്റെ അമ്മ

കൊല്ലം : മകന്റെ മണമുള്ള യൂണിഫോമും മൃതദേഹം പൊതിഞ്ഞുവന്ന ദേശീയപതാകയും ഏറ്റുവാങ്ങിയപ്പോൾ ശ്രീകലയുടെ കൈകൾ വിറച്ചു. രണ്ടുദിവസമായി കരഞ്ഞു കനംവന്ന കണ്ണുകൾ നിറഞ്ഞൊഴുകി.കൈക്കുഞ്ഞിനെയെന്നപോലെ ആ യൂണിഫോമും പതാകയും അമ്മ മാറോടു ചേർത്തു. എന്റെ കുഞ്ഞേയെന്നു കരഞ്ഞുകൊണ്ട്, തുടരെത്തുടരെ അതിൽ മുഖമമർത്തി.കശ്മീരിലെ ബാരാമുള്ളയിൽ കുഴിബോംബ് പൊട്ടി മരിച്ച ജവാൻ പൊലിക്കോട് ഇടയം സ്വദേശി പി.എസ്.അഭിജിത്തിന്റെ അമ്മ ശ്രീകലയ്ക്ക് ദേശീയപതാക കൈമാറുന്ന ചടങ്ങ് കണ്ടുനിന്നവരെയെല്ലാം കരയിച്ചു.വീടിന്റെ പ്രതീക്ഷയും ആശ്രയവുമായിരുന്നു അവൻ. തിങ്കളാഴ്ച രാവിലെ അപകടം നടക്കുന്നതിന് മണിക്കൂറുകൾക്കുമുൻപും അഭിജിത്ത് അമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. മൊബൈൽ ഫോണിന് നിയന്ത്രണമുള്ളതിനാൽ ടെലിഫോൺ ബൂത്തിൽനിന്നാണ് വിളിച്ചത്. അമ്മയുടെ അക്കൗണ്ടിലേക്ക് പണമയച്ചിട്ടുണ്ടെന്നു പറഞ്ഞു. കർശന നിയന്ത്രണമുള്ളതുകൊണ്ടാവണം രണ്ടു മിനിറ്റിൽ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.തിങ്കളാഴ്ച ശ്രീകല ബാങ്കിൽ പോയി പണമെടുക്കുകയും ചെയ്തു. അന്നു വൈകീട്ടാണ് മകന് അപകടമുണ്ടായെന്നും മരിച്ചെന്നുമുള്ള വിവരം ശ്രീകല അറിയുന്നത്. സംഭവമറിഞ്ഞ് അഭിജിത്തിന്റെ അച്ഛൻ പ്രഹ്ലാദൻ കഴിഞ്ഞദിവസമാണ് സൗദിയിൽനിന്ന്‌ എത്തിയത്. അവിടെ ഡ്രൈവറാണ് അദ്ദേഹം. ഏക സഹോദരി കസ്തൂരി ഡിഗ്രി കഴിഞ്ഞ് കോച്ചിങ് ക്ലാസുകൾക്ക് പോകുകയാണ്.അഭിജിത്ത് ജോലിചെയ്തിരുന്ന 25 മദ്രാസ് റെജിമെന്റിലെ നായിക് സുബേദാർ സന്തോഷ് മത്തായി, ഹവിൽദാർ അനിൽകുമാർ എന്നിവർ ബാരാമുള്ളയിൽനിന്ന് മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. സന്തോഷ് മത്തായിയും സുബേദാർ ഷിബുവും ചേർന്നാണ് ദേശീയപതാകയും യൂണിഫോമും അമ്മയ്ക്കു കൈമാറിയത്.


from mathrubhumi.latestnews.rssfeed https://ift.tt/31jCHon
via IFTTT