Breaking

Tuesday, October 22, 2019

എസ്.പി. നിശാന്തിനിയും പോലീസുകാരും 18.5 ലക്ഷം നൽകി കേസ് തീർപ്പാക്കി

തൊടുപുഴ: ബാങ്ക് മാനേജരെ പീഡനക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിൽ എസ്.പി. ആർ.നിശാന്തിനിയടക്കമുള്ള പ്രതികൾ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരം നടന്ന ചർച്ചയിൽ 18.5ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, കേസിലെ വാദിയും യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മുൻ മാനേജരുമായ പേഴ്‌സി ജോസഫ് ഡസ്‌മണ്ടിന് ഹൈക്കോടതിയുടെ മീഡിയേഷൻ സെന്ററിൽ ജൂലായ് 12-ന് കൈമാറി. അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തു. നിശാന്തിനിയെ കൂടാതെ റിട്ട. എസ്.ഐ. കെ.വി.മുരളീധരൻ, വനിതാ സിവിൽ പോലീസ് ഓഫീസർ വി.ഡി.പ്രമീള, പോലീസുകാരായ കെ.എ.ഷാജി, നൂർ സമീർ, പോലീസ് ൈഡ്രെവർ ടി.എം.സുനിൽ എന്നിവരായിരുന്നു പ്രതികൾ. കേസിൽ അടുത്തിടെ വിധി വരാനിരിക്കെയാണ് ഒത്തുതീർപ്പുണ്ടായത്. ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ റിപ്പോർട്ടും കേസ് തീർപ്പാക്കുന്നതിനുള്ള അപേക്ഷയും തൊടുപുഴ കോടതിയിൽ സമർപ്പിച്ചതായി പേഴ്‌സി ജോസഫ് പറഞ്ഞു.കേസ് ഇങ്ങനെബാങ്കിൽ വായ്പയുടെ ആവശ്യത്തിനെത്തിയ പോലീസുകാരിയെ അപമാനിച്ചെന്ന പരാതിയിൽ 2016 ജൂലായ് 26-നാണ് പേഴ്‌സി ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് എ.എസ്.പി.യായിരുന്ന നിശാന്തിനിയും പോലീസുകാരും ചേർന്ന് ക്രൂരമായി മർദിച്ചു. അവശനിലയിലായ പേഴ്‌സിയെ പിറ്റേന്ന് കോടതിയിൽ ഹാജരാക്കി. അദ്ദേഹം മർദനത്തെപ്പറ്റി മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടു. ജാമ്യം ലഭിച്ചശേഷം മൂന്നുദിവസം ചികിത്സയിലായിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിയടക്കം 18 പേരെ പ്രതിചേർത്ത് മാനനഷ്ടക്കേസ് ഫയൽചെയ്തു. വനിതാ സിവിൽ പോലീസ് ഓഫീസർ പ്രമീള തന്നെ കള്ളക്കേസിൽ കുടുക്കാനായി മനഃപ്പൂർവം ബാങ്കിലെത്തിയെന്നായിരുന്നു പേഴ്‌സിയുടെ വാദം.അന്വേഷണം നടത്തിയ അന്നത്തെ എസ്.പി. ജോസഫ് ജോർജ് പോലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. മനുഷ്യാവകാശ കമ്മിഷൻ ഇതിനെ വിമർശിച്ചിരുന്നു. തുടർന്ന് അന്നത്തെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അന്വേഷണം നടത്തി നിശാന്തിനി അടക്കമുള്ളവർക്കെതിരേ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്തു. ’തീർപ്പ്’ നടപടി ഭയന്ന്കേസിൽ തരിച്ചടിയുണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് പ്രതികൾ ഒത്തുതീർപ്പിന് തയ്യാറായത്. 25ലക്ഷം രൂപയാണ് പേഴ്‌സി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കൊച്ചിയിലെ വ്യവസായിയുടെ മധ്യസ്ഥതയിൽ ഇരുകൂട്ടരും ഒത്തുതീർപ്പിന് തയ്യാറായി. പോലീസ് ആസ്ഥാനത്തെ എസ്.പി.യായിരുന്ന നിശാന്തിനി പഠന ആവശ്യത്തിനായി വിദേശത്താണ്. പെരുമ്പാവൂർ യൂണിയൻ ബാങ്ക് ശാഖ ചീഫ് മാനേജരാണ് പേഴ്‌സി.


from mathrubhumi.latestnews.rssfeed https://ift.tt/2pIQk3G
via IFTTT