ധാക്ക: ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്ലിങ്ങൾ ബംഗാൾ ഉൾക്കടലിലെ ഭാഷാൻ ചാർ ദ്വീപിലേക്ക് മാറാൻ സമ്മതിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ദ്വീപിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ചതുപ്പുനിറഞ്ഞ ദ്വീപിലേക്ക് ഒരു ലക്ഷത്തോളം റോഹിംഗ്യകളെ മാറ്റാൻ കഴിഞ്ഞവർഷംമുതൽ സർക്കാർ സമ്മർദം ചെലുത്തിവരുകയായിരുന്നു. പത്തുലക്ഷത്തോളം അഭയാർഥികൾ തങ്ങുന്ന അതിർത്തിയിലെ ക്യാമ്പുകളിലെ ഞെരുക്കം കുറയ്ക്കാൻ ഇതുപകരിക്കുമെന്നാണ് സർക്കാരിന്റെ വാദം. 2017 ഓഗസ്റ്റിൽ മ്യാൻമാറിലുണ്ടായ സൈനിക അടിച്ചമർത്തലിനെത്തുടർന്ന് ഏഴരലക്ഷത്തോളം റോഹിംഗ്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. രാജ്യത്തെ കോക്സസ് ബാസാറിലെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന രണ്ടുലക്ഷം അഭയാർഥികൾക്ക് പുറമേയായിരുന്നു ഇത്. അടുത്ത ദിവസങ്ങളിലായി ഭാഷാൻ ചാർ ദ്വീപിൽ പുനരധിവാസ സൗകര്യമൊരുക്കുന്നതു സംബന്ധിച്ച് പഠിക്കാൻ ഔദ്യോഗികസംഘമെത്തുമെന്ന് രാജ്യത്തെ അഭയാർഥിവിഭാഗം കമ്മിഷണർ മഹ്ബൂബ് ആലം പറഞ്ഞു. “ആറായിരംമുതൽ ഏഴായിരംവരെയുള്ള അഭയാർഥികൾ ഇതിനകം ഭാഷാൻ ചാറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ചു. കൂടുതൽപേർ സന്നദ്ധതയറിയിച്ച് വരുന്നുണ്ട്. മേഖലയിലെ സ്ഥിതികൾ മനസ്സിലാക്കുന്നതിനായി റോഹിംഗ്യൻ നേതാക്കളെയും ദ്വീപിലേക്കു കൊണ്ടുപോകും” -ആലം എ.എഫ്.പി. വാർത്താ ഏജൻസിയോടു പറഞ്ഞു. അതേസമയം, എന്നാണ് അഭയാർഥികളെ ഇവിടേക്ക് മാറ്റുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ, ഡിസംബറോടെയുണ്ടാകുമെന്നാണ് കെട്ടിടങ്ങളൊരുക്കുന്ന ചുമതലയുള്ള സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. ദിവസവും 500 പേരെവീതം ഇങ്ങോട്ടു മാറ്റുമെന്നും ദ്വീപിൽ സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കുമെന്നുമാണ് അറിയുന്നത്. ഭാഷാൻ ചാർ ദ്വീപ് ബംഗ്ലാദേശിൽനിന്ന് ഒരുമണിക്കൂർ ബോട്ട് യാത്ര നടത്തിവേണം ദ്വീപിലെത്താൻ. രണ്ടുപതിറ്റാണ്ടുമുമ്പുമാത്രം രൂപംകൊണ്ട ദ്വീപിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. Content Highlights:Rohingyan Issue Bangladesh
from mathrubhumi.latestnews.rssfeed https://ift.tt/2VXh5gN
via
IFTTT