തിരുവനന്തപുരം: ഹാജർമുതൽ കത്തിടപാടുവരെ പരിശോധിക്കുന്ന തരത്തിൽ എല്ലാ വകുപ്പുകളിലും ആഭ്യന്തരപരിശോധനാ വിഭാഗം വരുന്നു. ഓഡിറ്റ് സംബന്ധിച്ച കാര്യങ്ങളിൽ സർക്കാർവകുപ്പുകൾ ഗുരുതരമായ വീഴ്ചയാണു വരുത്തുന്നതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) കണ്ടെത്തലിന്റെകൂടി അടിസ്ഥാനത്തിലാണു ധനവകുപ്പ് തീരുമാനം. സി.എ.ജി.യും ആഭ്യന്തര ഓഡിറ്റിലും കണ്ടെത്തിയ ന്യൂനതകൾ 15 വർഷം കഴിഞ്ഞിട്ടും പരിഹരിക്കാത്ത വകുപ്പുകളുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ വകുപ്പുകൾക്കും ബാധകമാകുന്ന, പൊതുഘടനയുള്ള ആഭ്യന്തര പരിശോധനാവിഭാഗം നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. നിലവിൽ എത്രരൂപ ലഭിച്ചുവെന്നും എത്രരൂപ ചെലവഴിച്ചുവെന്നും വകുപ്പുകളിൽ ആഭ്യന്തര പരിശോധനയില്ല. മൂന്നോ നാലോ ഉദ്യോഗസ്ഥർ ഒരാഴ്ചകൊണ്ട് തയ്യാറാക്കുന്ന റിപ്പോർട്ടാണ് ഇപ്പോഴുള്ളത്. അത് ഇനി വേണ്ടെന്നാണുനിർദേശം. ഹാജർ, ഫർണിച്ചർ രജിസ്റ്റർ, ക്യാഷ് ബുക്ക് തുടങ്ങി 35 കാര്യങ്ങൾ ആഭ്യന്തര പരിശോധനാവിഭാഗം പരിശോധിക്കണം. ഓരോ വകുപ്പിലും അവരുടേതായ രജിസ്റ്ററുണ്ടെങ്കിൽ അതും പരിശോധിക്കണം. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരുസഹിതം റിപ്പോർട്ടിൽ വിശദീകരിക്കണം. രേഖയിലുള്ള പണത്തെക്കാൾ കൂടുതൽ ഓഫീസിലുണ്ടെങ്കിലും ഉദ്യോഗസ്ഥർ തോന്നിയതുപോലെ യാത്രാബത്ത വാങ്ങിയിട്ടുണ്ടെങ്കിലും വിശദീകരിക്കണം. സാമ്പത്തികവർഷം അടിസ്ഥാനമാക്കിയാണു റിപ്പോർട്ട് നൽകേണ്ടത്. ഏപ്രിലിൽത്തന്നെ പരിശോധിക്കേണ്ട സ്ഥാപനങ്ങളുടെ വിവരം സർക്കാരിനു നൽകണം. 18 ഭാഗങ്ങളായി മലയാളത്തിൽ വിശദമായ റിപ്പോർട്ടാണ് പരിശോധനാസംഘം നൽകേണ്ടത്. സാമ്പത്തികഇടപാടുകളിലെ ക്രമക്കേടുകൾ, ഫയൽവിവരം, സാധനങ്ങൾ വാങ്ങിയതു സംബന്ധിച്ച വിവരം, യാത്രച്ചെലവുകൾ, യാത്രയ്ക്കും പരിപാടിക്കുമായി മുൻകൂറായി വാങ്ങിയ പണവും അതിന്റെ കണക്കുകളും എന്നിവ പ്രത്യേകമായി റിപ്പോർട്ടിലുണ്ടാകണം. 'നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ ലഭ്യമാക്കണം, ഈ ഓഫീസിൽ അറിയിക്കണം' എന്നിങ്ങനെ സ്ഥിരം പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടാകരുതെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ആവശ്യമായ വിശദീകരണവും മറുപടിയും ഉദ്യോഗസ്ഥരിൽനിന്നു തേടിയാകണം റിപ്പോർട്ട്. ഇതിന് 15 ദിവസം നൽകാം. വിശദീകരണം നൽകാത്ത ഉദ്യോഗസ്ഥന്റെ പേര് റിപ്പോർട്ടിലുൾപ്പെടുത്തണം. പരിശോധനാസംഘം ഒരു സീനിയർ സൂപ്രണ്ട്, രണ്ടുവർഷമെങ്കിലും അതേവകുപ്പിൽ ജോലിചെയ്യുന്ന രണ്ടുദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തണം. ജില്ലയിൽത്തന്നെ ഒന്നിൽക്കൂടുതൽ ഓഫീസുള്ള വകുപ്പുകൾക്ക് ഒന്നിലേറെ സംഘങ്ങളെ നിയോഗിക്കാം. പ്രവർത്തനവും ക്രമക്കേടും വീഴ്ചയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നതിനാൽ സംഘത്തെ ജാഗ്രതയോടെ രൂപവത്കരിക്കണം. വീഴ്ചവരുത്തിയാൽ മേധാവിക്കായിരിക്കും ഉത്തരവാദിത്വം. റിപ്പോർട്ട് നൽകേണ്ടത് പരിശോധനാ വിഭാഗം ഓരോ വകുപ്പുമേധാവികളുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പരിശോധന നടത്തിയാൽ റിപ്പോർട്ട് തയ്യാറാക്കി ഫിനാൻസ് ഓഫീസർ മുഖേന വകുപ്പുമേധാവിക്കു നൽകണം. റിപ്പോർട്ടിൽ പരമാർശിക്കുന്ന വീഴ്ചകൾക്കും ന്യൂനതകൾക്കും മൂന്നാഴ്ചയ്ക്കുള്ളിൽ വകുപ്പുമേധാവി ഓഫീസ് മേധാവിയിൽനിന്നു ന്യൂനതാ പരിഹാര റിപ്പോർട്ട് തേടണം. ഇതിനൊപ്പം വകുപ്പുമേധാവിയുടെ കുറിപ്പും ചേർത്താണ് അന്തിമറിപ്പോർട്ട് സർക്കാരിനു നൽകേണ്ടത്. content highlights:internal audit,kerala government
from mathrubhumi.latestnews.rssfeed https://ift.tt/2P1NYqW
via
IFTTT