ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രകളിലും മറ്റും സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശസന്ദർശനങ്ങളിൽ 143 തവണയും അദ്ദേഹം എസ്.പി.ജി. സുരക്ഷ ഒഴിവാക്കി. രാജ്യത്തു പലയിടത്തും സഞ്ചരിക്കുമ്പോൾ രാഹുൽ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചിട്ടില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷാഭീഷണിയുള്ള മുൻപ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ നല്കുന്നത് എസ്.പി.ജി.യാണ്. 2015 മുതൽ ഈ വർഷം മേയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തിൽ 1,892 തവണയാണ് രാഹുൽ ഡൽഹിയിൽ യാത്ര ചെയ്തത്. ഡൽഹിക്കു പുറത്തുള്ള യാത്രകളിൽ ഈ വർഷം ജൂൺ വരെയുള്ള കണക്കിൽ 247 തവണയും സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചു. യു.പി.എ. സർക്കാർ ഭരിച്ച 2005-2014 കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 18 തവണ ബുള്ളറ്റ് കവചമില്ലാത്ത വാഹനത്തിൽ രാഹുൽ സഞ്ചരിച്ചു. 2017 ഓഗസ്തിൽ ഗുജറാത്തിലെ ബനസ്കന്ദയിൽ രാഹുൽ സഞ്ചരിച്ച കാറിനു നേരേ കല്ലേറുണ്ടായിരുന്നു. എസ്.പി.ജി. ഉദ്യോഗസ്ഥനു പരിക്കേറ്റു. ഈ വിഷയം ലോക്സഭയിൽ കോൺഗ്രസ് ഉന്നയിച്ചപ്പോൾ 2015 ഏപ്രിലിനും 2017 ജൂണിനുമിടയിൽ നടത്തിയ 121 യാത്രകളിൽ നൂറിലും രാഹുൽ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ലെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നൽകിയ മറുപടി. അതേസമയം, സുരക്ഷാ പ്രോട്ടോകോൾ രാഹുൽ പാലിക്കുന്നില്ലെന്നാണ് ഒരു വിഭാഗം എസ്.പി.ജി. ഉദ്യോഗസ്ഥരുടെ വിമർശനം. എസ്.പി.ജി. സുരക്ഷയുള്ളവർക്ക് എല്ലാ സമയവും സുരക്ഷ നൽകണമെന്നാണ് ചട്ടമെന്നും വിദേശയാത്രയും അതിൽ ഉൾപ്പെടുമെന്നുമാണ് വാദം. വിദേശയാത്രകളിൽ ഒപ്പം പോവുന്നതിനെക്കുറിച്ച് എസ്.പി.ജി. നിയമത്തിൽ പ്രത്യേകം പറയുന്നില്ലെന്നും വാദമുണ്ട്. Content Highlights:SPG alleges Rahul skips security on foreign trips
from mathrubhumi.latestnews.rssfeed https://ift.tt/2MyrY5s
via
IFTTT