ഇരവിപേരൂർ: കുരച്ചതിൻറെ പേരിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന പട്ടിയെ വെട്ടിപ്പരിക്കേല്പിച്ചു. ഉടമയേയും മർദിച്ചു. ഇദ്ദേഹത്തിന്റെ കാറുകളും വീട്ടുപകരണങ്ങളും തകർത്തു. വള്ളംകുളം കുരുമലയിൽ ഐശ്വര്യഭവനിൽ സന്തോഷ് കുമാറിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കുരുമല പല്ലവിയിൽ അജിത്, സഹോദരൻ അനിൽ എന്നിവരുടെ പേരിൽ തിരുവല്ല പോലീസ് കേസെടുത്തു. വെട്ടേറ്റപട്ടി ചികിത്സയിലാണ്.ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. സന്തോഷിന്റെ അയൽവാസിയാണ് അജിത്. ഇയാൾ വീട്ടിലേക്കു പോകുന്നവഴി സന്തോഷിന്റെ വീട്ടിലെ പട്ടി കുരച്ചു. പ്രകോപിതനായ അജിത്, വീടിന്റെ സിറ്റൗട്ടിൽ പൂട്ടിയിട്ടിരുന്ന പട്ടിയെ ആദ്യം വടിയുമായി ചെന്ന് പലതവണ അടിച്ചു. തുടർന്ന് വടികൊണ്ട് സന്തോഷിനെയും അടിച്ചശേഷം തിരികെപോയി. അരമണിക്കൂർ കഴിഞ്ഞ് പത്തോളം ആളുകളുമായി സഹോദരൻ അനിലിനോടൊപ്പം ഇയാൾ സന്തോഷിന്റെ വീടിനുമുമ്പിലെത്തി. തുടർന്ന് മഴു, കോടാലി, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി കയറിച്ചെന്നായിരുന്നു ആക്രമണം.വീടിന്റെ ഗേറ്റുകടന്നുചെന്ന് അക്രമം നടത്തിയത് അജിത്തും അനിലുമാണെന്ന് പോലീസ് അറിയിച്ചു. അജിത് കൈയിലിരുന്ന വെട്ടുകത്തികൊണ്ട് അഞ്ചുതവണ പട്ടിയെ വെട്ടി മുറിവേൽപ്പിച്ചു. പൂട്ടിയിട്ടിരുന്നതു കാരണം ഇതിന് രക്ഷപ്പെടാനും കഴിഞ്ഞില്ല. ഇതിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ചോരയിൽ മുങ്ങിയ പട്ടിയെയാണ് കണ്ടത്. ഇതിനിടയിൽ രണ്ടുപേരും മഴുകൊണ്ട് രണ്ടു കാറുകളിലും വെട്ടി. മുൻവശത്തെ ചില്ലുകൾ തകർത്തു. കണ്ണാടികളും ബമ്പറുകളും നശിപ്പിച്ചു. വീട്ടിനുള്ളിൽ കടന്ന സംഘം ടി.വി.യും കസേരകളും ലൈറ്റുകളും അടിച്ചുതകർത്തു. ജനാലകൾക്കും നാശം വരുത്തി. ഈ സമയം സന്തോഷിന്റെ ഭാര്യ സലിയും ഇവരുടെ പ്രായമായ അച്ഛനമ്മമാരുമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പട്ടി കുരച്ചതിന്റെ പേരിലാണ് അക്രമം കാട്ടിയതെന്നും ഇവർ തമ്മിൽ മുമ്പ് പ്രശ്നമെന്തെങ്കിലും ഉണ്ടായിരുന്നതായി അറിവില്ലെന്നും സി.ഐ. ബൈജുകുമാർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/32xWhPn
via
IFTTT