Breaking

Wednesday, October 16, 2019

അന്നമ്മയെ അവസാനിപ്പിച്ചത് കള്ളങ്ങൾ മറച്ചുവെക്കാൻ

വടകര: പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞ കള്ളം. ഒരു കള്ളം മറയ്ക്കാൻ പിന്നീട് കള്ളങ്ങളുടെ പരമ്പരതന്നെ ജോളി അഴിച്ചുവിട്ടു. ഇതോടെ വിദ്യാഭ്യാസവും ലോകവിവരവുമുള്ള അന്നമ്മടീച്ചർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. കള്ളങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന വിവരങ്ങൾ പോലീസിന് കിട്ടി. ജോളിയുടെ മൊഴിക്കുപുറമെ ഇതിന് ബലമേകുന്ന തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. വിവാഹശേഷം ജോളി പറഞ്ഞത് താൻ എം.കോം ബിരുദധാരിയെന്നാണ്. യഥാർഥത്തിൽ ബി.കോം ജയിച്ചിട്ടുപോലുമില്ലായിരുന്നു ജോളി. ഇത്രയും യോഗ്യതയുള്ളയാൾ വീട്ടിൽ ഇരിക്കരുതെന്നും എന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്നും അന്നമ്മ നിർദേശിച്ചു. യു.ജി.സി. നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു പ്രധാനനിർദേശം. തനിക്ക് 50 ശതമാനം മാർക്ക് മാത്രമേ ഉള്ളൂ എന്നും നെറ്റ് എഴുതാൻ 55 ശതമാനം മാർക്ക് വേണമെന്നും ജോളി മറുപടി നൽകി. പക്ഷേ, ടീച്ചർ വിട്ടില്ല. 55 ശതമാനം മാർക്ക് നേടാൻ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ നിർദേശിച്ചു. രക്ഷയില്ലാതെ ജോളി പരീക്ഷാ തയ്യാറെടുപ്പിന് കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ ചേർന്നെന്നും പറഞ്ഞ് കുറച്ചുദിവസം വെറുതെ വീട്ടിൽനിന്നിറങ്ങി. പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാർക്ക് കിട്ടിയെന്നും പറഞ്ഞു. യു.ജി.സി. നെറ്റ് പരീക്ഷയെഴുതി ജെ.ആർ.എഫ്. കിട്ടിയതായും കള്ളം പറഞ്ഞു. ഇതോടെ ജോലിക്ക് ശ്രമിക്കണമെന്ന ആവശ്യം ശക്തമായി. പാലായിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് താത്കാലിക ഒഴിവുണ്ടെന്നും കള്ളം പറഞ്ഞു. എന്നാൽ കുട്ടി ചെറുതായതിനാൽ പോകുന്നില്ലെന്ന് പറഞ്ഞതോടെ കുട്ടിയെ നോക്കാൻ താൻ വരാമെന്ന് അന്നമ്മ പറഞ്ഞു. രക്ഷയില്ലാതെ വന്നപ്പോൾ അന്നമ്മയെയും കുട്ടിയെയും കൂട്ടി കോട്ടയത്ത് പോയി താമസിച്ചു. ഒരാഴ്ച അന്നമ്മ അവിടെനിന്നു. പിന്നീട് കുട്ടിയെയും കൂട്ടി അന്നമ്മ വീട്ടിലേക്ക് മടങ്ങി. ഓണാവധിക്കെന്നും പറഞ്ഞ് വീട്ടിലേക്കുവന്ന ജോളി പിന്നെ കോട്ടയത്തേക്കു പോയില്ല. ഇതോടെ അന്നമ്മ വീണ്ടും ചോദ്യങ്ങൾ തുടങ്ങി. പിടിച്ചുനിൽക്കുക പ്രയാസമാണെന്ന് തോന്നിയതോടെയാണ് അന്നമ്മയെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് ജോളി എത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഒരുതവണ വധിക്കാൻ ശ്രമം നടത്തി. ഇത് വിജയിച്ചില്ല. രണ്ടാം ശ്രമം വിജയിക്കുകയും ചെയ്തു. ടോം തോമസ് മരിച്ച ശേഷമാണ് എൻ.ഐ.ടി.യിലേക്കെന്നും പറഞ്ഞ് ജോളി വീട്ടിൽനിന്നിറങ്ങാൻ തുടങ്ങിയത്. ജോലിക്ക് പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യം വർധിച്ചതോടെയാണ് എൻ.ഐ.ടി. കള്ളവും പിറന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ റോജോയിൽനിന്നും റെഞ്ജിയിൽ നിന്നും അന്വേഷണസംഘം ശേഖരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2IUtz3o
via IFTTT