ന്യൂഡൽഹി: പ്രീ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തരുതെന്ന് എൻ.സി.ഇ.ആർ.ടി. (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്). പരീക്ഷ നടത്തുന്നത് കുട്ടികൾക്ക് ഗുണംചെയ്യില്ലെന്ന് മാർഗരേഖയിൽ പറയുന്നു. പ്രീ സ്കൂൾതലത്തിലെ വിലയിരുത്തൽ ഒരു കുട്ടി വിജയിച്ചോ, പരാജയപ്പെട്ടോ എന്ന് മുദ്രകുത്താനുള്ളതല്ലെന്ന് എൻ.സി.ഇ.ആർ.ടി.യിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഓരോ കുട്ടിയുടെയും പുരോഗതി നിരന്തരമായി പരിശോധിക്കേണ്ടതുണ്ട്. നിലവിൽ പരീക്ഷയും ഹോംവർക്കുകളും നൽകുന്നരീതിയാണ് പിന്തുടരുന്നത്. കുട്ടികളുടെ കളിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പഠനമാർഗങ്ങളും സമ്പ്രദായങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയുടെയും പുരോഗതി വിലയിരുത്തണമെന്ന് നിർദേശിക്കുന്നു. അധ്യാപകർ കുട്ടികളെ നിരീക്ഷിച്ച് ഓരോ കുട്ടിയെക്കുറിച്ചുമുള്ള ലഘുകുറിപ്പുകൾ തയ്യാറാക്കണം. കുട്ടികൾ എങ്ങനെ, എവിടെ സമയം ചെലവഴിക്കുന്നു, അവരുടെ സാമൂഹിക ബന്ധങ്ങൾ, ഭാഷയുടെ പ്രയോഗം, ആശയവിനിമയരീതികൾ, ആരോഗ്യം, പോഷകാഹാര ശീലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകണം. ഓരോ കുട്ടിയുടെയും ഫയൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ലഭ്യമാക്കണം. മറ്റൊരു പ്രീ സ്കൂൾ പ്രോഗ്രാമിലേക്കോ പ്രൈമറി സ്കൂളിലേക്കോ മാറുന്നതുവരെ ഈ ഫയൽ സൂക്ഷിക്കണം.മാതാപിതാക്കൾക്ക് ഓരോ വർഷവും കുറഞ്ഞത് രണ്ടുതവണ പഠനപുരോഗതി റിപ്പോർട്ട് ലഭ്യമാക്കണം. പ്രീ സ്കൂളിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും യോഗ്യതയും വേതനവും, പ്രവേശന നടപടികൾ, രേഖകളുടെയും രജിസ്റ്ററുകളുടെയും പരിപാലനം, മേൽനോട്ടം തുടങ്ങിയവ സംബന്ധിച്ചും മാർഗരേഖയിൽ നിർദേശങ്ങളുണ്ട്. Content Highlights: NCERT directs no exams for children studying in the pre-school classes
from mathrubhumi.latestnews.rssfeed https://ift.tt/33vY5s3
via
IFTTT