Breaking

Tuesday, October 15, 2019

റോഡുകൾ ശവപ്പറമ്പാകാൻ അനുവദിക്കില്ല -ഹൈക്കോടതി

കൊച്ചി: റോഡുകളെ ശവപ്പറമ്പാക്കാൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താൻ പൊതു ഗതാഗതവാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായും കോടതി പറഞ്ഞു.കോഴിക്കോട് പേരാമ്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലായിരുന്നു കോടതിയുടെ പരാമർശം. ഈ കേസിൽ ഹർജിക്കാരന് കോടതി ജാമ്യം അനുവദിച്ചു. 5000 രൂപയിൽത്താഴെ വിലയാണ് ഡാഷ് ക്യാമറകൾക്കുള്ളത്. ഇവയിൽ ആഴ്ചകളോളം ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനാകും. അപകടത്തിന്റെ യഥാർഥകാരണവും കുറ്റവാളിയെയും കണ്ടെത്താൻ ഇതുവഴി കഴിയും. ഇൻഷുറൻസ് പരാതികൾ തീർപ്പാക്കാനും ഇത് സഹായകമാകും. ക്യാമറയുണ്ടെങ്കിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത കാണിക്കുകയും അതിലൂടെ അപകടങ്ങൾ കുറയുന്നതിന് സഹായിക്കും. നിലവിൽ പൊതുവാഹനങ്ങൾ ഒാടിക്കുന്നവരെ നിരീക്ഷിക്കാൻ സംവിധാനമില്ല. ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാറില്ല. ഡ്രൈവിങ് രീതികൾ നിരീക്ഷിക്കാനും കഴിയുന്നില്ല. അശ്രദ്ധമായി വാഹനമോടിക്കുന്നവരെ അതിൽനിന്ന് തടയുന്നതിനും സംവിധാനമില്ല.2018-ൽ 4199 പേരാണ് അപകടത്തിൽ മരിച്ചത്. 31,000 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് മിക്ക കേസുകളിലും പ്രതികളെ കണ്ടെത്താനാകുന്നില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. പഴഞ്ചൻ അന്വേഷണരീതിയും സാക്ഷികളുടെ താത്പര്യമില്ലായ്മയും പ്രതികൾ രക്ഷപ്പെടുന്നതിന് ഇടയാക്കുന്നുണ്ട്. ഡാഷ് ക്യാമറ ഉപയോഗിക്കുന്നത് സംബന്ധിച്ച് സത്യാവാങ്മൂലം നൽകാൻ സർക്കാരിനോട് കോടതി നിർേദശിച്ചു. ഡാഷ് ക്യാമറ സ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗതകമ്മിഷണർക്കും ഡി.ജി.പിക്കും വേണ്ടി ഹാജരായ സർക്കാർഅഭിഭാഷകൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MCb7O0
via IFTTT