Breaking

Friday, March 1, 2019

പേരിൽ ‘ബാങ്കു’ള്ള സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് നികുതി

തിരുവനന്തപുരം: പേരിനൊപ്പം 'ബാങ്ക്' എന്നുചേർത്തിട്ടുള്ള സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് നികുതി നൽണമെന്ന് ആദായനികുതി വകുപ്പ്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രാഥമികസംഘങ്ങൾ 'ബാങ്ക്' എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിക്ഷേപത്തിന് നികുതി നൽകണം. ഇവരുടെ നിക്ഷേപത്തിന്റെ പലിശയിൽനിന്ന് നികുതി ഈടാക്കാൻ ജില്ലാസഹകരണ ബാങ്കുകൾക്കാണ് നിർദേശം. 2016-'17 മുതൽ നികുതി ഈടാക്കണം. പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തിൽ പ്രാഥമികസഹകരണ ബാങ്കുകൾ എന്നപേരിൽ പ്രവർത്തിക്കുന്നത്. നിർദേശം ഇത്തരത്തിലുള്ള എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളെയും ബാധിക്കും. റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) ബാങ്കിങ് ലൈസൻസുള്ള സ്ഥാപനങ്ങൾക്കുമാത്രമാണ് ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നീ പദങ്ങൾ പേരിനൊപ്പം ചേർക്കാൻ അനുമതി. എന്നാൽ, 1975-ൽ ആർ.ബി.ഐ.യുടെ പ്രത്യേക അനുമതിയോടെയാണ് കേരളത്തിലെ കാർഷികവായ്പ സഹകരണസംഘങ്ങൾ സർവീസ് സഹകരണബാങ്കുകളായി മാറിയത്. സഹകരണനിയമം അനുസരിച്ചുള്ള രജിസ്ട്രേഷനിൽ ഇവ ഇപ്പോഴും സഹകരണസംഘം എന്നാണുള്ളത്. അതേസമയം, ബാങ്കിങ് ലൈസൻസില്ലാതെ 'ബാങ്ക്' എന്നു പേരിൽ ചേർക്കുന്നതിനോട് ആർ.ബി.ഐ.ക്ക് ഇപ്പോൾ യോജിപ്പില്ല. വർഷങ്ങളായി തുടരുന്ന രീതി മാറ്റുന്നതിൽ കേരളം എതിർപ്പറിയിച്ചതിനാൽ തുടർനടപടി ഉണ്ടായില്ലെന്നുമാത്രം. അംഗങ്ങൾക്ക് കാർഷികവായ്പ നൽകുന്നതിനാൽ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾ ആദായ നികുതി നൽകേണ്ടതില്ല. ഇതു മറികടക്കാനാണ് 'ബാങ്ക്' ആദായനികുതി വകുപ്പിന്റെ പുതിയ നീക്കം. പ്രാഥമിക സഹകരണബാങ്കുകൾ അധികപണം ജില്ലാബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ജില്ലാബാങ്കുകളിലെ നിക്ഷേപത്തിന്റെ 60 ശതമാനവും ഇങ്ങനെയുള്ളതാണ്. ഇതിന് ഉറവിടത്തിൽ നികുതി (ടി.ഡി.എസ്.) പിടിച്ചുനൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലെങ്കിൽ ജില്ലാബാങ്കുകൾക്കെതിരേ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രാഥമികബാങ്കുകൾ അംഗങ്ങളിൽനിന്ന് ഒമ്പത് ശതമാനംവരെ പലിശ നൽകി വാങ്ങിയ നിക്ഷേപത്തിനാണ് നികുതി നൽകേണ്ടത്. അംഗങ്ങളുടെ നിക്ഷേപത്തിൽ കുറവുവരുത്താനാകാത്തിനാൽ, ബാധ്യത പ്രാഥമിക ബാങ്കുകൾക്കാവും. ഒരു സഹകരണസംഘം മറ്റൊരു സഹകരണസംഘത്തിലിട്ട നിക്ഷേപത്തിന് ആദായനികുതി ബാധകമാവില്ല. ജില്ലാസഹകരണ ബാങ്കുകളെ സഹകരണ സംഘമായി കണക്കാക്കാനാവില്ലെന്നാണ് ഇതിന് ആദായനികുതി വകുപ്പിന്റെ വിശദീകരണം. കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽനിന്ന് ആദായനികുതി ഈടാക്കരുതെന്ന് കോടതിയുടെയും ആദായനികുതി ട്രിബ്യൂണലുകളുടെയും വിധികളുമുണ്ട്. മാത്രമല്ല, ബാങ്കിങ് പ്രവർത്തനം പരിശോധിക്കാൻ ആദായനികുതി വകുപ്പിന് അധികാരവുമില്ലെന്ന് സഹകാരികൾ പറയുന്നു. കേരളബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്ക് മുന്നോട്ടുവെച്ച ഒരു ഉപാധി, പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്ന സംഘങ്ങൾക്ക് ഇനി രജിസ്ട്രേഷൻ നൽകരുതെന്നാണ്. Content Highlights:Co- Operative group have a name with Bank will pay Tax


from mathrubhumi.latestnews.rssfeed https://ift.tt/2U8Ja2O
via IFTTT