Breaking

Friday, March 1, 2019

ഇസ്‌ലാമികരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനം ഇന്നുമുതൽ; ഇന്ത്യ അതിഥിരാഷ്ട്രം

അബുദാബി: ഇസ്ലാമികരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനം യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിൽ വെള്ളിയാഴ്ച തുടങ്ങുമ്പോൾ സവിശേഷതകളേറെയാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) 46-ാമത് മന്ത്രിതലസമ്മേളനത്തിൽ ഇന്ത്യയാണ് അതിഥിരാഷ്ട്രം. ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പാകിസ്താൻ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശമന്ത്രി സുഷമാ സ്വരാജാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യയെസംബന്ധിച്ച് ഇത് വലിയ നേട്ടമാവുമ്പോൾ ഇന്ത്യ-പാക് ബന്ധം വഷളായ പുതിയ സാഹചര്യത്തിൽ പാകിസ്താന് വലിയ പ്രഹരവുമാണ്. കഴിഞ്ഞദിവസം ഇന്ത്യ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് അനുകൂലമായി സംസാരിക്കാൻ ഇസ്ലാമിക രാഷ്ട്രങ്ങളൊന്നും രംഗത്തുവന്നിട്ടില്ല. സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്റെ സന്ദേശവുമായി വിദേശമന്ത്രി ആദിൽ അൽ ജുബൈർ വ്യാഴാഴ്ച ഇസ്ലാമബാദ് സന്ദർശിച്ചിരുന്നു. പാക് വാദങ്ങളോട് സൗദി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന. ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സൗദി കിരീടാവകാശിയുടെ സന്ദേശമായി പാകിസ്താന് കൈമാറിയതെന്നാണ് നിഗമനം. ഉറ്റസുഹൃത്രാഷ്ട്രമായ സൗദി അറേബ്യയുടെ നിലപാട് എതിരായതാണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടയയ്ക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിൽ നിർണായകമായതെന്നറിയുന്നു. കശ്മീരും ചർച്ചാവിഷയം ഇസ്ലാമിക രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ കശ്മീരും ചർച്ചാവിഷയമാകും. കശ്മീർ സമ്മേളനത്തിന്റെ കാര്യപരിപാടിയിലുണ്ട്. എന്നാൽ പലസ്തീനുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസഫ് അൽ ഒതൈമീൻ പറഞ്ഞു. യു.എ.ഇ. വിദേശമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. content highlights:organization of islamic cooperation meeting,india, pakistan


from mathrubhumi.latestnews.rssfeed https://ift.tt/2BSgxzV
via IFTTT