Breaking

Saturday, March 23, 2019

പാർട്ടി ഓഫീസിലെ പീഡനപരാതി: സി.പി.എമ്മിൽ അസ്വസ്ഥത

പാലക്കാട്: ചെർപ്പുളശ്ശേരിയിലെ സി.പി.എം. ഓഫീസിൽ പീഡനം നടന്നുവെന്ന യുവതിയുടെ പരാതി സംബന്ധിച്ച് പാർട്ടിക്കകത്ത് അസ്വസ്ഥത. യുവനേതാക്കളുൾപ്പെടെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്ന ആവശ്യം നേതൃത്വത്തിനുമുന്നിൽ ഉന്നയിച്ചതായാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പരാതിക്ക് പിന്നിൽ ആസൂത്രിതനീക്കങ്ങളും ഗൂഢാലോചനയുമുണ്ടെന്ന് സി.പി.എം. ചെർപ്പുളശ്ശേരി ഏരിയാസെക്രട്ടറി കെ.ബി. സുഭാഷ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് വെറുതെ പറഞ്ഞുപോയതല്ലെന്ന് വ്യക്തമാക്കുന്നതാണ് പിന്നീടുണ്ടായ പ്രതികരണങ്ങൾ. യുവതിയുടെ പരാതിയിൽ പറയുന്ന പ്രകാശൻ യുവജന സംഘടനാപ്രവർത്തകനാണെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി കെ. പ്രേംകുമാറും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയ്ക്ക് മുമ്പുതന്നെ പാർട്ടിനേതൃത്വത്തിന് പരാതി സംബന്ധിച്ചും പോലീസ് കേസെടുത്തത് സംബന്ധിച്ചും വ്യക്തമായ ധാരണ ലഭിച്ചിരുന്നു. ഏരിയാനേതൃത്വം അടിയന്തരമായി ജില്ലാനേതൃത്വവുമായി ബന്ധപ്പെട്ടശേഷം തന്നെയാണ് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, ജില്ലാനേതൃത്വം പരസ്യപ്രതികരണത്തിന് മുതിർന്നിട്ടുമില്ല. തിരഞ്ഞെടുപ്പുകാലത്ത് ഉയരുന്ന പരാതികളുടെ കൂട്ടത്തിലുൾപ്പെടുത്തിയാണ് പാർട്ടിയും നേതാക്കളും പുറമേയ്ക്ക് പറയുന്നതെങ്കിലും അങ്ങനെയല്ല കണക്കിലെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് പാർട്ടിനേതൃത്വത്തോട് അടുത്തുനിൽക്കുന്ന യുവനേതാക്കളുടെ സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകൾ. ഇവരിൽ ചിലർ മുൻപ് ഡി.വൈ.എഫ്.ഐ. ജില്ലാഭാരവാഹിത്വമുണ്ടായിരുന്നവരുമാണ്. കാലതാമസമില്ലാതെ അന്വേഷണം വേണമെന്ന സമ്മർദം പോലീസിനുമുകളിലും ഉണ്ടെന്നാണ് വ്യക്തമാവുന്നത്. മണ്ണാർക്കാട് ഓഫീസ് കേന്ദ്രീകരിച്ച് ഉയർന്ന പരാതിയും കോലാഹലങ്ങളും അടങ്ങുംമുമ്പേയാണ് ചെർപ്പുളശ്ശേരിയിലെ ഓഫീസിനുനേരെ ആരോപണം ഉയരുന്നത്. ഇത് സംസ്ഥാനനേതൃത്വത്തെയും ചിന്തിപ്പിക്കുന്നുണ്ട്. content highlights:cherpulassery-alleges rape In CPM Office


from mathrubhumi.latestnews.rssfeed https://ift.tt/2HDADCh
via IFTTT