Breaking

Monday, November 15, 2021

തീരദേശത്ത്‌ വൃക്ക വിൽപ്പന മാഫിയ സജീവം; ലക്ഷ്യമിടുന്നത് സാമ്പത്തികബാധ്യതയുള്ളവരെ

വിഴിഞ്ഞം: വൃക്ക വിൽപ്പന സംഘങ്ങൾ തീരദേശമേഖല കേന്ദ്രീകരിച്ച് സജീവമാകുന്നു. സാമ്പത്തികബാധ്യതയുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ട് എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് വൃക്ക വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത്. വിഴിഞ്ഞം പ്രദേശത്തെ നിർധന കുടുംബങ്ങളിലെ ചിലരെ സംഘത്തിലുള്ളവർ സമീപിച്ച് കച്ചവടമുറപ്പിച്ചതായാണ് സൂചനകൾ. പലർക്കും മുൻകൂർ പണം നൽകി ഇടപാട് ഉറപ്പിച്ചുകഴിഞ്ഞു. പണം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടിൽ തെറ്റിപ്പിരിഞ്ഞ ചിലർ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേക്കുറിച്ച് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏഴുലക്ഷം രൂപ കടമുള്ള വിഴിഞ്ഞം സ്വദേശിയായ വീട്ടമ്മയെ എട്ടുലക്ഷം നൽകാമെന്നു പറഞ്ഞാണ് വൃക്ക കച്ചവടത്തിനു േപ്രരിപ്പിച്ചത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുൾപ്പെടെ പരിഹരിക്കാനാകുമെന്നായതോടെയാണ് വൃക്കകളിലൊന്ന് വിൽക്കാൻ തയ്യാറായത്. ഇവർ താമസിക്കുന്ന വീടിന് പ്രതിമാസം 2000 രൂപ വാടകയും നൽകണം. മത്സ്യത്തൊഴിലാളികളാണ് ഇവരുടെ ഭർത്താവും മകനും. മീൻപിടിത്തത്തിനു പോയി കിട്ടുന്ന വരുമാനമുപയോഗിച്ച് കടബാധ്യത തീർക്കാൻ ഇവർക്കു സാധിച്ചിരുന്നില്ല. ഇതിനായി ഇവർ പലരേയും സമീപിക്കുന്ന സാഹചര്യത്തിലാണ് വിഴിഞ്ഞം സ്വദേശിയായ ഇടനിലക്കാരി ഇവരെ ഏജന്റിനു പരിചയപ്പെടുത്തി വൃക്ക വിൽപ്പനയ്ക്ക് േപ്രരിപ്പിച്ചത്. ഇതോടെ തന്റെ വൃക്കകളിലൊന്ന് വിൽക്കാൻ ഇവർ തയ്യാറാവുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 28-ന് ഇവരെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് പരിചയപ്പെടുത്തിയ എറണാകുളം സ്വദേശിയായ ഒരാൾ എട്ടുലക്ഷം രൂപയും ചികിത്സയുടെയും വന്നുപോകുന്നതിനുള്ള യാത്രാച്ചെലവും നൽകുമെന്ന് പറഞ്ഞു. ഏജന്റിനൊപ്പം വിഴിഞ്ഞം സ്വദേശികളായ നാലുപേർ അവിടെയെത്തിയിരുന്നു. ഒരാഴ്ചയോളം എറണാകുളത്തെ ആശുപത്രിയിൽ വിവിധ പരിശോധനകൾക്കു വിധേയമായി. പണം ലഭിക്കുമ്പോൾ തനിക്ക് അരലക്ഷം രൂപ കമ്മിഷനായി നൽകണമെന്ന് ഏജന്റ് ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തുള്ള 44കാരിക്കാണ് തന്റെ വൃക്ക മാറ്റിവയ്ക്കുന്നതെന്നും അവരുടെ ആധാർ കാർഡ് തന്നെ കാണിച്ചിരുന്നതായും ഇവർ പറയുന്നു. തുടർന്ന് വീട്ടിലേക്കു മടങ്ങി. വീണ്ടും ഈ മാസം ആറിന് സ്കാനിങ്ങിന് എത്തണമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് മകനെയും കൂട്ടി ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ, അപ്പോഴാണ് വൃക്ക നൽകുന്ന കാര്യം മകനെ അറിയിച്ചത്. ഇത് എതിർത്ത മകൻ തന്നെയുംകൂട്ടി വിഴിഞ്ഞത്തേക്കു മടങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ഈ സംഭവവും തീരദേശമേഖലയിൽ വൃക്ക വിൽപ്പന സംഘങ്ങളുടെ ഇടപെടൽ പുറത്തറിയുന്നതിനു കാരണമായി. Content Highlights:kidney mafia becomes active in coastal areas


from mathrubhumi.latestnews.rssfeed https://ift.tt/3232IhZ
via IFTTT