Breaking

Wednesday, August 5, 2020

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും: മരം വീണ് ആറുവയസ്സുകാരി മരിച്ചു, വ്യാപക നാശനഷ്ടം

കോഴിക്കോട്: ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക നാശനഷ്ടം.ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂർ, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളിൽ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. കനത്തമഴയെത്തുടർന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളിൽ ശക്തമായ കടലേറ്റവുമുണ്ടായി. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽമരം വീണ് ആറു വയസ്സുകാരി മരിച്ചു.വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെമകൾ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു. കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ മരം വീണ് തകർന്നു. അഞ്ചുപേർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. വൈദ്യുതലൈൻ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂർ അഗ്നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്നിരക്ഷാസേനാംഗങ്ങൾ ആസ്പത്രിയിലെത്തിച്ചു. മേലെചൊവ്വ ദേശീയപാതയിൽ കൂറ്റൻ മരം റോഡിന് കുറുകെ കടപുഴകിയതിനാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനങ്ങൾ തിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്.കാറ്റിന്റെ ശക്തിയിൽ കണ്ണൂർ സിറ്റിയിലെ കടകളുടെ ഓടുകളും മേൽക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി. ഒരേസമയം നിരവധി ഫോൺവിളികളാണ് കണ്ണൂർ അഗ്നിരക്ഷാനിലയത്തിലേക്ക് വന്നത്. ഇവിടെയുണ്ടായിരുന്ന നാല് യൂണിറ്റ് വാഹനങ്ങളും പലയിടങ്ങളിലായി പാഞ്ഞെത്തിയാണ് പ്രശ്നപരിഹാരത്തിനായി പ്രയത്നിച്ചത്. പോലീസുകാരും കെ.എസ്.ഇ.ബി. ജീവനക്കാരും അപകടമൊഴിവാക്കാനായി പലയിടങ്ങളിലേക്കായുള്ള ഓട്ടത്തിലായിരുന്നു.കാസർകോട് ചെറുവത്തൂർ, ബന്തടുക്ക തൃക്കരിപ്പൂർ, ചീമേനി, രാജപുരം എന്നവിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തു. content highlights:Wind and heavy rain in northern Kerala


from mathrubhumi.latestnews.rssfeed https://ift.tt/2DF4CsL
via IFTTT