തിരുവനന്തപുരം: കേരളത്തിനും യു.എ.ഇ.യ്ക്കുമിടയിൽ സർക്കാർ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി. കസ്റ്റംസ് ചോദ്യംചെയ്യലിലാണ് വെളിപ്പെടുത്തൽ. ഇതോടെ സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കിടയിൽ നടന്ന കരാറുകളിലേക്കും കസ്റ്റംസ് ശ്രദ്ധ തിരിച്ചു. കോൺസുലേറ്റ് വഴിയും അല്ലാതെയും നടന്ന മിക്ക ഇടപാടുകളിലും സ്വപ്നയുടെ സ്വാധീനം വ്യക്തമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റും എത്തിയ സഹായനിധിയിൽനിന്നു പോലും ഒരു വിഹിതം അവരിലേക്ക് എത്തിയിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്. ദുബായിലും മറ്റും മലയാളികൾ ഉൾപ്പെട്ട കേസുകൾ ഒതുക്കിത്തീർക്കാനും ഇവർ തന്റെ സ്വാധീനം ഉപയോഗിച്ചിരുന്നു. ഇവരിൽ പലരും ജൂലായ് അഞ്ചിന് സ്വപ്നയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് കസ്റ്റംസ് മൊഴിയെടുത്തേക്കും. ''സ്വപ്നയെക്കുറിച്ചുള്ള ആദ്യ സൂചനകളിൽ പോലും പലതരത്തിലുള്ള ഡീലുകൾ ഒതുക്കിത്തീർക്കാനുള്ള സാമർഥ്യം കസ്റ്റംസിന് പ്രകടമായിരുന്നു. കോടിക്കണക്കിനു രൂപയാണ് ഈ വഴിക്കു നേടിയത്. എന്നിട്ടും എന്തിന് സ്വർണക്കടത്തിലേക്ക് ഇറങ്ങി എന്നത് ഞങ്ങൾക്കുപോലും അദ്ഭുതമാണ്.'' -അന്വേഷണവൃത്തങ്ങൾ പറഞ്ഞു. സ്വപ്ന ഉണ്ടാക്കിയ പണം എവിടെപ്പോയി എന്നതാണ് കസ്റ്റംസിനെ കുഴക്കുന്ന മറ്റൊരുകാര്യം. ''അവർ പറഞ്ഞ കാര്യങ്ങൾ ശരിയെങ്കിൽ നല്ലൊരു സമ്പാദ്യംഉണ്ടാവും. പിടിച്ചെടുത്ത ഒരുകോടി വളരെ തുച്ഛമാണ്. എന്നാൽ, നേടിയ പണം എന്തിന് ഉപയോഗിച്ച് എന്നവർ വ്യക്തമാക്കുന്നില്ല. സ്വപ്നയുടെ ഇടപാടുകൾ കൈവിട്ടു പോവുന്നു എന്നു കണ്ട് ശിവശങ്കർ ഒരിക്കൽ അവരെ താക്കീത് ചെയ്തിരുന്നു. അത് പരിഗണിക്കാതിരുന്നതുകൊണ്ടാവും സ്വർണം പിടിയിലായ വിവരം പറഞ്ഞപ്പോൾ അദ്ദേഹം ഇടപെടാതെയിരുന്നതും. ശിവശങ്കറിന്റെ മൊഴിയിലും അദ്ദേഹം ഇതാവർത്തിക്കുന്നു.'' -സ്വപ്നയെ ഉപയോഗിച്ച് ആരോ പ്രവർത്തിക്കുന്നുണ്ട്. സ്വപ്ന നേടിയ പണം ആ കേന്ദ്രങ്ങളിലേക്ക് ആവും ഒഴുകിയതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വർണം ഇടപാട് നടത്തിയവർ പതിവ് രീതിയിൽത്തന്നെയാണ് പ്രവർത്തിച്ചത്. ഹവാല ഉപയോഗിച്ചുള്ള പണം എത്തിയത് ആർക്കൊക്കെ എന്ന് ഊഹവുമുണ്ട്. പക്ഷേ, സ്വപ്ന ഇടനിലനിന്നുണ്ടാക്കിയ കോടികൾ എങ്ങോട്ടേക്കുപോയി എന്നതാണ് ചോദ്യം. ഈ പണം പോയ വഴിയെക്കുറിച്ച് ശിവശങ്കറിന് അറിവില്ലാതിരിക്കുമോ എന്നും അന്വേഷിക്കുന്നുണ്ട്. സർക്കാർതലത്തിൽ സ്വപ്ന ഇടപ്പെട്ട വിഷയങ്ങളിലെ ചില മെല്ലെപ്പോക്കിനെക്കുറിച്ച് പല സംരംഭകരിൽ നിന്നും പരാതികൾ ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് അറിവുള്ള ചിലർ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ തന്ത്രപ്രധാന ഘട്ടത്തിൽ ആണ് അനീഷ് രാജന്റെ സ്ഥലംമാറ്റം വന്നത്. content highlights: thiruvananthapuram gold smuggling case
from mathrubhumi.latestnews.rssfeed https://ift.tt/2D8EXc4
via
IFTTT