Breaking

Thursday, August 20, 2020

രണ്ട് തുരങ്കങ്ങളും കടന്ന് ’റോ റോ’ കേരളത്തിലെത്തി

കണ്ണൂർ: കൊങ്കൺപാതയിലെ 'റോ റോ' (റോൾ ഓൺ റോൾ ഓഫ് ) സർവീസ് രണ്ട് തുരങ്കങ്ങളും കടന്ന് കേരളത്തിലെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. രണ്ട് ചരക്കുലോറികൾ വഹിച്ചായിരുന്നു പരീക്ഷണ ഓട്ടം. കർണാടക സൂറത്കല്ലിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട 'ലോറി ട്രെയിൻ' ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെത്തി. ദക്ഷിണ റെയിൽവേയുടെ ആവശ്യപ്രകാരം വെസ്റ്റ്ഹില്ലിൽനിന്ന് ഷൊർണൂരിലേക്കും തിരുവനന്തപുരം ഡിവിഷനിലേക്കും ഇനി പരീക്ഷണ ഓട്ടം നടത്തും. രണ്ട് ട്രക്കുകളും ട്രക്കിന്റെ ഉയരവും നീളവുമുള്ള സ്ട്രക്ചറും ഘടിപ്പിച്ച റോ റോ രാവിലെ ഒൻപതോടെ മംഗളൂരു ജങ്ഷനടുത്ത ഒന്നര കിലോമീറ്ററോളം നീളമുള്ള കുലശേഖര ടണൽ കടന്നു. റോ റോ സർവീസിന് തടസ്സങ്ങളില്ലെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിലയിരുത്തി. 11.30-ന് കാസർകോട് സ്റ്റേഷൻ വിട്ട വണ്ടി ഒരു കിലോമീറ്ററോളം നീളമുള്ള കളനാട് ടണലും വിജയകരമായി കടന്നു. മേൽനടപ്പാതകളും വൈദ്യുതിലൈനും തടസ്സമാകാതെ വണ്ടി കോഴിക്കോട്ടെത്തി. കൊങ്കൺ റെയിൽവേ കോർപ്പറേഷനും ദക്ഷിണ റെയിൽവേയും ചേർന്നുള്ള ചരക്കുഗതാഗത നീക്കത്തിന്റെ പരീക്ഷണ ഓട്ടമാണ് ബുധനാഴ്ച വിജയിച്ചത്. മഹാരാഷ്ട്രയിലെ റോഹയ്ക്കടുത്തുള്ള കൊളാടിൽ നിന്നാണ് വാഗണുകളിൽ ചരക്കുലോറികൾ കയറ്റുന്നത്. 50 ലോറികൾ വരെ കയറ്റും. നിലവിൽ കർണാടക സൂറത്കല്ലിൽ ഇറക്കുകയാണ്. അനുമതി ലഭിച്ചാലുടൻ കേരളത്തിലേക്കും റോ റോ എത്തും.


from mathrubhumi.latestnews.rssfeed https://ift.tt/3hgZ3ja
via IFTTT