മാഞ്ചെസ്റ്റർ: ഓപ്പണർ ഷാൻ മസൂദിന്റെ സെഞ്ചുറിയും പേസർ മുഹമ്മദ് അബ്ബാസിന്റെ രണ്ടു വിക്കറ്റ് പ്രകടനവും ചേർന്നതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താന് മേൽക്കൈ. ആദ്യ ഇന്നിങ്സിൽ ഷാൻ മസൂദിന്റെ സെഞ്ചുറി മികവിൽ 326 റൺസെടുത്ത പാകിസ്താനെതിരേ രണ്ടാം ദിവസം കളിനിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലാണ് ഇംഗ്ലീഷ് പട. രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും യാസിർ ഷായുമാണ് ഇംഗ്ലണ്ടിന്റെ മുൻനിര തകർത്തത്. ഒലി പോപ്പും (46*), ജോസ് ബട്ട്ലറുമാണ് (15*) ക്രീസിൽ. റോറി ബേൺസ് (4), ഡോം സിബ്ലി (8), ക്യാപ്റ്റൻ ജോ റൂട്ട് (14), ബോൻ സ്റ്റോക്ക്സ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാക് സ്കോറിനേക്കാൾ 234 റൺസ് പിന്നിലാണ് അവർ. നേരത്തെ ഓപ്പണർ ഷാൻ മസൂദിന്റെ (156) തകർപ്പൻ സെഞ്ചുറിയാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്. 319 പന്തുകൾ നേരിട്ട മസൂദ് 18 ഫോറും രണ്ടു സിക്സുമുൾപ്പെടെയാണ് 156 റൺസെടുത്തത്. രണ്ടിന് 139 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച പാകിസ്താന് ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ബാബർ അസമിന്റെ വിക്കറ്റ് നഷ്ടമായി. 106 പന്തുകൾ നേരിട്ട് 11 ഫോറുകൾ സഹിതം 69 റൺസെടുത്ത താരത്തെ ആൻഡേഴ്സനാണ് പുറത്താക്കിയത്. ആറാം വിക്കറ്റിലാണ് പാകിസ്താൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ കൂട്ടുകെട്ട് പിറന്നത്. ഷാൻ മസൂദും ഷതാബ് ഖാനും ഒന്നിച്ചപ്പോൾ പിറന്നത് 105 റൺസിന്റെ കൂട്ടുകെട്ട്. 45 റൺസെടുത്ത ഷതാബ് ഖാനെ ഡോം ബെസ്സ് പുറത്താക്കി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും സ്റ്റുവർട്ട് ബ്രോഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്സ് രണ്ടു വിക്കറ്റെടുത്തു. Content Highlights: Shan Masood, Mohammad Abbas shines as Pakistan on top of 1st Test vs England
from mathrubhumi.latestnews.rssfeed https://ift.tt/2DmcGiC
via
IFTTT