Breaking

Saturday, August 22, 2020

കൊറോണയെ കടല്‍ കടത്താന്‍ കടല്‍പ്പായല്‍; സിഫ്റ്റിന്റെ കണ്ടെത്തലിന് അംഗീകാരം

തോപ്പുംപടി: കൊറോണയെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് കടൽപ്പായൽ ഉത്തമമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്റ്റ്) കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സിഫ്റ്റിലെ ഗവേഷകർ തയ്യാറാക്കിയ ലേഖനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ആഷിഷ് കെ. ഝാ, ഡോ. സുശീല മാത്യു, ഡയറക്ടർ കൂടിയായ ഡോ. സി.എൻ. രവിശങ്കർ എന്നിവർ ചേർന്നാണ് ഗവേഷണ ലേഖനം തയ്യാറാക്കിയത്. കൊറോണയ്ക്കെതിരേ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് കടൽപ്പായലിന്റെ സാധ്യതകളാണ് ലേഖനത്തിൽ വിവരിക്കുന്നത്. കടൽപ്പായലിൽ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കടൽപ്പായലുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങൾ കൊച്ചിയിലെ സിഫ്റ്റിൽ നടന്നിരുന്നു. കടൽപ്പായൽ ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ സിഫ്റ്റ് നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബിസ്കറ്റുകൾ, കുക്കീസ്, ജ്യൂസുകൾ, യോഗർട്ട്, കാപ്സ്യൂൾസ് എന്നിവയെല്ലാം ഇതിലുൾപ്പെടും. സാനിറ്റൈസർ ഉത്പാദനത്തിനും കടൽപ്പായൽ ഉപയോഗിക്കാമെന്ന് ഗവേഷണത്തിലൂടെ ഇവർ കണ്ടെത്തിയിട്ടുണ്ട്. കടൽപ്പായലിന്റെ വിപുല സാധ്യതകളിലേക്കാണ് സിഫ്റ്റിന്റെ ഗവേഷണം വെളിച്ചം വീശുന്നത്. കടൽപ്പായലിന്റെ പോഷക പ്രാധാന്യം തിരിച്ചറിഞ്ഞ് സാധാരണക്കാർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സിഫ്റ്റ് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3laupdC
via IFTTT