Breaking

Monday, August 3, 2020

സ്വര്‍ണക്കടത്തില്‍ തീവ്രവാദ ബന്ധം: നെല്ലൂരില്‍ വിറ്റ സ്വര്‍ണത്തിന്റെ പണം കശ്മീരിലേക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് നിർണായക അറസ്റ്റും റെയ്ഡുകളും. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദലിയടക്കം രണ്ടുപേരെ എൻ.ഐ.എ. ശനിയാഴ്ച അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശി തന്നെയായ മുഹമ്മദാലി ഇബ്രാഹിമാണ് അറസ്റ്റിലായ മറ്റൊരാൾ. എറണാകുളത്തും മലപ്പുറത്തുമായി ആറിടങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ടു ഹാർഡ് ഡിസ്ക്, ഒരു ടാബ്‌ലറ്റ്, എട്ടു മൊബൈൽ ഫോണുകൾ, ആറു സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോഡർ, അഞ്ചു ഡി.വി.ഡി.കൾ എന്നിവ പിടിച്ചെടുത്തു. ബാങ്ക് പാസ്ബുക്കുകളും ക്രെഡിറ്റ് കാർഡുകളും യാത്രാരേഖകളും തിരിച്ചറിയൽ രേഖകളുമടക്കം ഒട്ടേറെ രേഖകളും എൻ.ഐ.എ. പിടിച്ചെടുത്തു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയായ കെ.ടി. റമീസിൽനിന്നാണ് മുഹമ്മദലിയെയും മുഹമ്മദലി ഇബ്രാഹിമിനെയും കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ടിൽ പറയുന്നത്. റമീസിൽനിന്ന് സ്വർണം വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽവെച്ചാണ് ഗൂഢാലോചന നടത്തിയത്. പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായാണ് ഇവർ വിനിയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മൂവാറ്റുപുഴയിൽ ജലാലിന്റെയും റബിൻസിന്റെയും വീടുകളിൽ പരിശോധന നടത്തിയപ്പോൾ മലപ്പുറത്ത് കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകൾ നീണ്ടു. സ്വർണക്കടത്ത് കേസിൽ ഇതുവരെ എൻ.ഐ.എ.യുടെ പിടിയിലായത് പത്തുപേരാണ്. ജൂലായ് 31-ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയും 30-ന് മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിനെയും മലപ്പുറം സ്വദേശി സെയ്ദ് അലവിയെയും എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നു. നേരത്തേ സ്വപ്‌നാ സുരേഷ്, സന്ദീപ് നായർ, സരിത്ത്, കെ.ടി. റമീസ് എന്നിവരെയും അറസ്റ്റുചെയ്ത എൻ.ഐ.എ. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2XCcClN
via IFTTT