Breaking

Wednesday, August 19, 2020

മലിയില്‍ സൈനിക കലാപം: ഗത്യന്തരമില്ലാതെ പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു

ബമാകോ(മലി): മലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെയ്റ്റ രാജിവെച്ചു. കെയ്റ്റയെയും പ്രധാനമന്ത്രി ബൌബൗ സിസ്സെയെയും കലാപകാരികളായ പട്ടാളക്കാർ ബന്ദികളാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെയ്റ്റ രാജി പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജി വയ്ക്കുന്നതെന്ന് കെയ്റ്റ വ്യക്തമാക്കി. അർധരാത്രിയ്ക്ക് ശേഷം ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട കെയ്റ്റ സർക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. രാജി വയ്ക്കാതെ തനിക്കുമുന്നിൽ മറ്റ് മാർഗങ്ങളില്ലെന്നും കെയ്റ്റ വ്യക്തമാക്കി. ബുധനാഴ്ചയാണ് കെയ്റ്റ രാജി പ്രഖ്യാപിച്ചത്. ഇബ്രാഹിം ബൗബാക്കർ കെയ്റ്റ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച സൈനിക നീക്കമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് മാസങ്ങളായി മലിയിൽ പ്രക്ഷോഭം നടന്നുവരുകയാണ്. സായുധരായ പട്ടാളക്കാർ പ്രസിഡന്റിന്റെ സ്വകാര്യ വസതി വളയുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സർക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നു. പട്ടാള അട്ടിമറിയ്ക്കെതിരെ അയൽ രാജ്യങ്ങളായ ഫ്രാൻസും യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും ഭരണഘടനാ വിരുദ്ധമായ അധികാര കൈമാറ്റത്തെ വിമർശിച്ചു. കെയ്റ്റയെയും പ്രധാനമന്ത്രി സിസ്സെയെയും ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. കെയ്റ്റയും സിസ്സെയും മോചിതരായോ അതോ കലാപകാരികളുടെ കസ്റ്റഡിയിൽ തുടരുകയാണോ എന്ന കാര്യം വ്യക്തമല്ല. Content Highlight: Malis President Ibrahim Boubacar Keïta Announces Resignation


from mathrubhumi.latestnews.rssfeed https://ift.tt/2E8tU37
via IFTTT