Breaking

Friday, August 7, 2020

സർക്കാരിനെ പ്രതിരോധത്തിലാക്കി സ്വപ്നയുടെ ‘റൂട്ട് മാപ്പ്’

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സർക്കാരിനും ഇടതുമുന്നണിക്കും നെഞ്ചിടിപ്പിന്റെ തോത് കൂട്ടുന്നവിധമാണ് എൻ.ഐ.എ.യിൽനിന്ന് പുറത്തുവരുന്ന വിവരം. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്നാണ് എൻ.ഐ.എ. റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥർ സ്വപ്നയുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ.അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും രാഷ്ട്രീയക്കാരെ വെല്ലുന്ന ‘രാഷ്ട്രീയകൗശലം’ എൻ.ഐ.എ. തന്ത്രപൂർവം പ്രയോഗിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയമില്ലെന്ന് എൻ.ഐ.എ. കഴിഞ്ഞദിവസം വ്യക്തമാക്കിയത് ഇതിലൊന്നാണ്. മുഖ്യമന്ത്രിയുടെ ആവശ്യമനുസരിച്ചാണ് കേസ് എൻ.ഐ.എ. ഏറ്റെടുത്തതെന്നും സംസ്ഥാനസർക്കാരിന് നന്ദി അറിയിക്കുമെന്നുമാണ് അവർ കോടതിയിൽ പറഞ്ഞത്. സർക്കാരിനു കിട്ടിയ വലിയ അംഗീകാരമെന്ന നിലയിലാണ് സി.പി.എം. മുഖപത്രം ഇത് ഏറ്റെടുത്തത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാത്‌പര്യത്തിന് അനുസരിച്ചുള്ള അന്വേഷണം എന്ന ആരോപണം ഈ കേസിൽ ഉയരാതിരിക്കാനുള്ള എൻ.ഐ.എ.യുടെ ഒരു കരുതൽ നീക്കമായിരുന്നു ഇതെന്ന് സ്വപ്നയുടെ ‘റൂട്ട് മാപ്പ്’ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വീഴ്ച സർക്കാരിലേക്ക് അടുപ്പിക്കാതെ മാറ്റിനിർത്തിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കുന്നത്. ശിവശങ്കറിനപ്പുറം ഒരാളിലെങ്കിലും കേസിന്റെ കുരുക്കുവീണാൽ അത് സർക്കാരിന്റെ നില പരുങ്ങലിലാക്കും. സ്വർണക്കടത്ത് കേസിന്റെ രാഷ്ട്രീയ ഇര ആരാകുമെന്നതാണ് ഒരുമാസമായി കേരളത്തിൽ നടക്കുന്ന ചർച്ചയുടെ ആകെത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കിയും സർക്കാരിനെ പ്രതിരോധത്തിലാക്കിയുമാണ് പ്രതിപക്ഷം ഗോളടിക്കാൻ ശ്രമിക്കുന്നത്. അന്വേഷണം നീളുമ്പോൾ ആർക്കാണ് പൊള്ളുകയെന്നറിയാമെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസപ്രകടനം.


from mathrubhumi.latestnews.rssfeed https://ift.tt/30z3cch
via IFTTT