Breaking

Sunday, August 2, 2020

കോൺസുലേറ്റിൽനിന്ന്‌ സി- ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകൾ

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്ന്‌ സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റിൽ എത്തിച്ചത് 28 പാഴ്‌സലുകളെന്ന് കസ്റ്റംസ് കണ്ടെത്തി. ഇവ പരിശോധിക്കാതെ സി-ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നൽകിയതെന്നും കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തി. കോൺസുലേറ്റിൽനിന്ന്‌ രണ്ടു വാഹനങ്ങളിലാണ് പാഴ്‌സലുകൾ സി-ആപ്റ്റിൽ എത്തിച്ചത്. പാക്കറ്റുകളിൽ ഒന്നിൽ മതഗ്രന്ഥത്തിന്റെ പകർപ്പുകളും ഒട്ടേറെ ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ നിർദേശം നൽകിയതായി ജീവനക്കാർ പറഞ്ഞു. സർക്കാരിന്റേതടക്കം ഒട്ടേറെ രഹസ്യരേഖകൾ അച്ചടിക്കുന്ന സി-ആപ്റ്റിൽ ഇത്തരം പാഴ്‌സലുകൾ പുറമേനിന്നു കൊണ്ടുവരുന്നതും അവിടത്തെ വാഹനത്തിൽ പുറത്തുകൊണ്ടുപോകുന്നതും ആദ്യമായാണ്. മതഗ്രന്ഥങ്ങൾ ഇവിടെ സുലഭമായി കിട്ടുമ്പോൾ പുറമേനിന്ന്‌ എത്തിച്ചതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ചും കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്. ഉന്നതതല നിർദേശത്തെ തുടർന്നാണ് സി-ആപ്റ്റ് ഉദ്യോഗസ്ഥർ പാഴ്‌സൽ കടത്തിന് നേതൃത്വം നൽകിയത്. യു.എ.ഇ. കോൺസുലേറ്റിൽനിന്ന്‌ നേരിട്ട് റംസാൻ കിറ്റുകൾ കൈപ്പറ്റിയതിൽ വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ. ഇവിടത്തെ നിയമനങ്ങളിലും ക്രമക്കേട് നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽനിന്നു മാറ്റപ്പെട്ടയാൾക്ക് സി-ആപ്റ്റിലെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയതും പരാതിക്കിടയാക്കിയിരുന്നു. പാഴ്‌സൽ ഇടപാടിനു പിന്നാലെ ഇയാൾക്ക് എൽ.ബി.എസിലേക്ക് നിയമനം നൽകിയതിലും ക്രമക്കേടുള്ളതായി പരാതിയുയർന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PfZ8Y7
via IFTTT