Breaking

Monday, October 21, 2019

രാജ്യത്ത് വിൽക്കുന്ന പാലിൽ ഏഴുശതമാനം ബ്രാൻഡുകൾ ആരോഗ്യത്തിന് ഹാനികരം

കോട്ടയം: രാജ്യത്ത് വിപണിയിലുള്ള പാലിൽ ഏഴുശതമാനം ബ്രാൻഡുകളുടെ പാൽ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തൽ. 6,432 ബ്രാൻഡുകളാണ് പഠനവിധേയമാക്കിയത്. ഏറ്റവും മാരകമായ പാൽ എന്ന് കണ്ടെത്തിയ ഏഴുശതമാനത്തിൽ കേരളത്തിൽനിന്ന് ഒരു ബ്രാൻഡാണ് ഉൾപ്പെട്ടത്. എന്നാൽ, ആരോഗ്യത്തിന് ഹാനികരമായ പാൽ ഏത് കമ്പനികളുടേതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 41 ശതമാനം പാൽ ഗുണനിലവാരം കുറഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എഫ്.എസ്.എസ്.എ.ഐ.(ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സർവേ റിപ്പോർട്ട്. ഈ പാൽ ഉപയോഗിച്ചതുകൊണ്ട് ആരോഗ്യത്തിന് ഭീഷണിയില്ലെങ്കിലും നിലവിലുള്ള ഗുണനിലവാര മാനദണ്ഡം പാലിച്ചിട്ടില്ലെന്നാണ് പഠനം. 2018 മേയ്മുതൽ ഒക്ടോബർവരെ ശേഖരിച്ച മാതൃകകളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ മാസം 18-ന് എഫ്.എസ്.എസ്.എ.ഐ. പുറത്തുവിട്ടത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി അൻപതിനായിരത്തിലേറെ ജനസംഖ്യയുള്ള 1103 നഗരങ്ങളെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. ഇവിടങ്ങളിൽനിന്നുള്ള ചെറുകിട വ്യാപാരികളിൽനിന്നും പാൽ ഉത്പാദക സംരംഭങ്ങളിൽനിന്നുമാണ് മാതൃക ശേഖരിച്ചത്. പാലിൽ രാസപദാർഥങ്ങളും ആന്റിബയോട്ടിക്കും 6,432 ബ്രാൻഡിൽ 368 എണ്ണത്തിൽ അഫ്ളാടോക്സിൻ എം.ഒന്ന് എന്ന രാസപദാർഥത്തിന്റെ സാന്നിധ്യമുണ്ട്. ക്ഷീരകർഷകർ വിൽക്കുന്ന പാലിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തി. കേരളത്തിലെ 187 മാതൃകയിൽ 37 എണ്ണം ഇതിൽ ഉൾപ്പെടും. കാലിത്തീറ്റയിലൂടെയാണ് കന്നുകാലികളിൽനിന്ന് അഫ്ളാടോക്സിൻ പാലിലേക്ക് എത്തുന്നത്. കാലിത്തീറ്റയിൽനിന്ന് ഇത് ഒഴിവാക്കുന്നതിലൂടെയേ ഇതിന് പരിഹാരമാകൂ. 1.2 ശതമാനം പാലിൽ അനുവദനീയമായതിൽ കൂടുതൽ ആന്റിബയോട്ടിക് കണ്ടെത്തി. മാൾട്ടോഡെക്സ്ട്രിന്റെ സാന്നിധ്യം 2.42 ശതമാനം പാലിലുണ്ട്. കൊഴുപ്പും വെളുപ്പുനിറവും കൂട്ടാൻ ചേർക്കുന്ന പൊടിയാണിത്. ധാന്യങ്ങളിൽനിന്ന് രാസക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ഇവ കൂടിയ അളവിൽ ശരീരത്തിലെത്തിയാൽ ഹാനികരമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരും. കൂടാതെ, ആസ്ത്മ, ത്വഗ്രോഗം എന്നിവയ്ക്കും മാൾട്ടോഡെക്സ്ട്രിൻ കാരണമാകാം. സെല്ലുലോസ്, ഗ്ലൂക്കോസ്, പഞ്ചസാര, സസ്യഎണ്ണ എന്നിവയും പാലിൽ ചേർത്തതായി കണ്ടെത്തി. കണ്ടെത്തലുകൾ ഒറ്റനോട്ടത്തിൽ ആകെ പരിശോധിച്ച ബ്രാൻഡുകൾ-6432 ഗുണനിലവാരം കുറഞ്ഞവ-2647 ആരോഗ്യത്തിന് ഏറെ ഹാനികരമായവ-456 എണ്ണം അഫ്ളാടോക്സിൻ എം.ഒന്ന് കലർന്നവ-368 ആന്റി ബയോട്ടിക് കൂടുതലായി ചേർന്നത്-77 മാൾട്ടോഡെക്സ്ട്രിൻ ചേർന്നത്-156 content highlights: Seven percent of the milk brands in the country is harmful to health


from mathrubhumi.latestnews.rssfeed https://ift.tt/2nYQMtQ
via IFTTT