തിരുവനന്തപുരം: എം.ജി. സർവകലാശാലയിലെ മാർക്കുദാനം ന്യായീകരിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യം മാത്രമാണു ചട്ടത്തിനും നിയമത്തിനും അപ്പുറമായി പരിഗണിച്ചതെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ആ തെറ്റ് ആവർത്തിക്കാനാണു തീരുമാനമെന്നുമുള്ള മന്ത്രിയുടെ വാദം ഇനിയും ചട്ടംലംഘിക്കുമെന്ന വെല്ലുവിളിയാണ്. നിയമം ലംഘിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരുനിമിഷം വൈകാതെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കർത്തവ്യമാണെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മന്ത്രി നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണു ഭരണം നടത്തേണ്ടത്. ചട്ടങ്ങളും വകുപ്പുകളും താൻ ഇനിയും ലംഘിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത് അതിഗുരുതരമായ കാര്യമാണ്. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. അർഹതയുള്ളവർക്ക് അർഹമായതു കൊടുക്കുകയാണു താൻചെയ്യുന്നതെന്നു മന്ത്രി പറയുന്നു. അതിന് ആരും എതിരല്ല. പക്ഷേ, അത് നിയമാനുസൃതമായി ചെയ്യണം. തോറ്റ കുട്ടികളെ നിയമംലംഘിച്ച് മാർക്ക് കൂട്ടിനൽകി ജയിപ്പിക്കുന്നതാണോ അർഹമായത് നൽകൽ? അത് അനർഹർക്കു നൽകുന്ന മാർക്കാണ്. ഒരു പരീക്ഷയിൽ വിജയിക്കാനുള്ള അർഹത തീരുമാനിക്കുന്നത് ആ പരീക്ഷയിൽ ലഭിക്കുന്ന മാർക്കാണ്. ജയിക്കാനാവശ്യമായ മാർക്ക് കിട്ടിയില്ലെങ്കിൽ ജയിക്കാൻ അർഹതയില്ലെന്നാണർഥം. പരീക്ഷയിൽ തോറ്റ കുട്ടികളെ കൂട്ടത്തോടെ മാർക്കുകൂട്ടി ജയിപ്പിച്ചുവിട്ടാൽ പിന്നെ പരീക്ഷയുടെ അർഥമെന്താണെന്നും ചെന്നിത്തല ചോദിച്ചു. എല്ലാം നിയമാനുസൃതമായാണു ചെയ്തതെന്നാണു മന്ത്രി ആദ്യം പറഞ്ഞത്. ഇപ്പോൾ പറയുന്നു, നിയമം ലംഘിച്ചുവെന്ന്. തെറ്റു ചെയ്യുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും അത് ആവർത്തിക്കുമെന്നു പ്രഖ്യാപിക്കുകയുമാണു മന്ത്രി. ഇതനുവദിക്കാൻ കഴിയുന്നതാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. content highlights: Ramesh Chennithala,KT Jaleel,
from mathrubhumi.latestnews.rssfeed https://ift.tt/360ByWC
via
IFTTT