''അബ്കി ബാർ പച്ചത്തർ പാർ” (ഇത്തവണ 75 കടക്കും) എന്ന മുദ്രാവാക്യവുമായാണ് ഹരിയാണയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ നിയമസഭയിലേക്ക് വീണ്ടും ജനവിധി തേടുന്നത്. മാസങ്ങൾക്കുമുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 79 നിയമസഭാ മണ്ഡലങ്ങളിൽ ലീഡും 58 ശതമാനം വോട്ടും ആകെയുള്ള 10 സീറ്റും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി. സംസ്ഥാനത്ത് ആരിൽനിന്നും ബി.ജെ.പി. മത്സരം നേരിടുന്നില്ലെന്ന് പ്രചാരണയോഗങ്ങളിലെല്ലാം ഖട്ടർ പ്രഖ്യാപിക്കുന്നതിനു കാരണവും മറ്റൊന്നല്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പു തന്നെ 22 ദിവസം നീണ്ട 'ജൻ ആശീർവാദ് യാത്ര' മുഖ്യമന്ത്രിസ്ഥാനാർഥിയായ ഖട്ടർ നടത്തിക്കഴിഞ്ഞിരുന്നു. ഹരിയാണയിലെങ്ങും ഇപ്പോഴുമുള്ള 'നമോ' (നരേന്ദ്രമോദി) തരംഗത്തിലൂടെ 'മനോ' (മനോഹർലാൽ) ഭരണത്തുടർച്ച നേടാമെന്നാണ് ബി.ജെ.പി. യുടെ കണക്കുകൂട്ടൽ. 2014-ൽ ആദ്യമായി അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി. ഹരിയാണയിൽ ഒരു തിരഞ്ഞെടുപ്പും തോറ്റിട്ടില്ല. അഞ്ച് മേയർ തിരഞ്ഞെടുപ്പുകളിലും ജിന്ദ് ഉപതിരഞ്ഞെടുപ്പിലും പാർട്ടി ജയിച്ചു. ഇത്തവണ വീണ്ടും അധികാരം നേടുക വഴി ഹരിയാണ രാഷ്ട്രീയം എന്നും കറങ്ങിക്കൊണ്ടിരിക്കുന്ന ഐ.എൻ.എൽ.ഡി. സ്ഥാപകൻ ദേവി ലാൽ, കോൺഗ്രസ് നേതാക്കളായ ബൻസി ലാൽ, ഭജൻ ലാൽ എന്നീ ബിംബങ്ങൾക്കു പിന്നാലെ നാലാം 'ലാൽ' ആയി ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മനോഹർ ലാൽ. പടലപ്പിണക്കവുമായി പ്രതിപക്ഷം ബി.ജെ.പി.യുടെ മുഖ്യ എതിരാളികളായ കോൺഗ്രസ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ ആഭ്യന്തര കലഹത്താൽ പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയും പി.സി.സി. അധ്യക്ഷൻ അശോക് തൻവറും തമ്മിലുള്ള തർക്കം പാർട്ടിയെ പിളർക്കുമെന്ന ഘട്ടമെത്തിച്ചപ്പോഴാണ് ഹൈക്കമാൻഡ് ഇടപെട്ടതു തന്നെ. തൻവറിനെ മാറ്റി കുമാരി ഷെൽജയെ പി.സി.സി. അധ്യക്ഷയും കിരൺ ചൗധരിയെ മാറ്റി ഹൂഡയെ നിയമസഭാ കക്ഷി നേതാവും ആക്കി. ഹൂഡയുടെ ആവശ്യങ്ങൾക്കെല്ലാം ഹൈക്കമാൻഡ് വഴങ്ങിയപ്പോൾ തൻവർ പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചു. ഇതിനുശേഷമാണ് കോൺഗ്രസിൽ തിരഞ്ഞെടുപ്പു യോഗങ്ങൾ തുടങ്ങിയത്, അതും സെപ്റ്റംബർ 15 മുതൽ. ഭൂരിപക്ഷം കിട്ടിയാൽ അപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ നിലപാട്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഉറച്ച നേതൃത്വത്തെ ചൂണ്ടിക്കാട്ടി ബി.ജെ.പി. വോട്ടു തേടുമ്പോഴാണ് വ്യക്തമായ നേതാവിനെ പോലും ചൂണ്ടിക്കാണിക്കാനില്ലാത്ത ഈ അവസ്ഥ. മുൻ പി.സി.സി. അധ്യക്ഷനായ തൻവറാകട്ടെ ദുഷ്യന്ത് ചൗത്താലയുടെ പാർട്ടിയായ ജൻനായക് ജനതാ പാർട്ടിക്കായാണിപ്പോൾ (ജെ.ജെ.പി.) പ്രചാരണം നടത്തുന്നത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റൊന്നും കിട്ടിയില്ലെങ്കിലും കോൺഗ്രസിന്റെ വോട്ടിങ് ശതമാനം 28.4 ആയി ഉയർന്നു. പത്തു നിയമസഭാ മണ്ഡലങ്ങളിൽ മുൻതൂക്കവും നേടാനായി. കോൺഗ്രസിന് പത്തു മുതൽ 15 വരെ സീറ്റുകളാണ് പാർട്ടിയുടെ മിക്ക നേതാക്കളും ഇത്തവണ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പുവഴക്കും തമ്മിലടിയും ഇല്ലായിരുന്നുവെങ്കിൽ 35 ശതമാനത്തോളം വോട്ടെങ്കിലും കോൺഗ്രസിന് നേടാനാവുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 2014-ൽ 19 സീറ്റും 24.1 ശതമാനം വോട്ടുമായി പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ച ഐ.എൻ.എൽ.ഡി. കുടുംബത്തിലെ പടലപ്പിണക്കം കാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത് 1.9 ശതമാനം വോട്ടുമാത്രം. എങ്കിലും സിർസ, ഫത്തേഹ്ബാദ്, ജിന്ദ്, ഹിസാർ ജില്ലകളിൽ ചൗത്താല കുടുംബക്കാർക്കിപ്പോഴും ശക്തമായ സ്വാധീനമുണ്ട്. ഭൂരിഭാഗവും ദുഷ്യന്ത് ചൗത്താലയെയാണ് പിന്തുണയ്ക്കുന്നതെന്നു മാത്രം. ''പ്രതിപക്ഷ പാർട്ടികളിൽ യോജിപ്പുണ്ടായിരുന്നുവെങ്കിൽ ഇത്തവണ മനോഹർലാൽ ഖട്ടർ വീണ്ടും വരുന്ന കാര്യം സംശയമായിരുന്നു. ഖട്ടർ സർക്കാർ യുവാക്കൾക്കും കർഷകർക്കും ഒന്നും ചെയ്തിട്ടില്ല. ഭൂപീന്ദർ സിങ് ഹൂഡയുടെ ഭരണമായിരുന്നു ഇതിലും നല്ലത്. എങ്കിലും ബി.ജെ.പി. ഇവിടെ ജയിക്കും. കാരണം, ഞാനുൾപ്പെടെയുള്ളവർ വോട്ടു ചെയ്യുന്നത് മോദിക്കാണ്, ഖട്ടറിനല്ല'' -റോത്തക്ക് നഗരത്തിലെ ആംബിയൻസ് സ്പോർട്സ് വെയർ ഉടമയും 21-കാരനുമായ യാഷ് പറയുന്നു. ഭരണംചോദ്യങ്ങൾക്കു നടുവിൽ മനോഹർ ലാൽ ഖട്ടറിന്റെ ഭരണം അഴിമതി രഹിതവും സുതാര്യവുമെന്ന് ബി.ജെ.പി. നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഒട്ടേറെ ചോദ്യങ്ങളും ഉയരുന്നുണ്ട്. പ്രധാനമായും ക്രമസമാധാനത്തിലും അഴിമതിയിലും ഊന്നിയാണിത്. പശു സംരക്ഷകരുടെ ആക്രമണങ്ങളും കലാപവും മുഖമുദ്രയായ വർഷങ്ങളാണ് ബി.ജെ.പി.യുടെ അധികാരത്തിനു കീഴിൽ കടന്നുപോയത്. അഞ്ചു വർഷത്തിനുള്ളിൽ അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 75-ലധികം പേർ. സർക്കാർ ജോലികളിലെ നിയമനം, ആരവല്ലി വനമേഖലയുടെ അതിർത്തി പുനർ നിർണയം, ബസുകളുടെ കിലോമീറ്റർ നിശ്ചയിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ വേറെ. ജാതിരാഷ്ട്രീയം ഹരിയാണയിൽ രാഷ്ട്രീയ ജയമെന്നാൽ ജാതികളുടെ ജയമാണ്. 22 ജില്ലകളിൽ 21-ലും 2011 സെൻസസ് പ്രകാരം ഹിന്ദുക്കളാണ് ജനസംഖ്യയിൽ മുന്നിൽ. മൊത്തം 87.46 ശതമാനം. 36 ജാതിവിഭാഗങ്ങളുള്ള സംസ്ഥാനത്തെ രാഷ്ട്രീയം 37 ശതമാനത്തോളം വരുന്ന ജാട്ടുകളാണ് എക്കാലവും നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഒ.ബി.സി. സംവരണം ആവശ്യപ്പെട്ട് 2016-ൽ ജാട്ടുകൾ നടത്തിയ പ്രക്ഷോഭം ഗുണമായത് ബി.ജെ.പി.ക്കാണ്. ജാട്ടിതര ജാതികൾ ജാട്ടുകൾക്കെതിരേ ഒന്നിച്ചപ്പോൾ അത് ബി.ജെ.പി. മുതലെടുത്തു. 40 ശതമാനത്തിലധികം വരുന്ന ജാട്ടിതര ഹിന്ദു വോട്ടുകളിൽ വലിയൊരു വിഭാഗമിപ്പോൾ ബി.ജെ.പി.യുടെ കൈയിലാണ്. ജാട്ടുകൾക്ക് ഒടുവിൽ പത്തു ശതമാനം പ്രത്യേക സംവരണം നൽകി അവരെയും കുറച്ചൊക്കെ നിശ്ശബ്ദരാക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. സംവരണവിഷയമിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും. ഇതിനൊപ്പമാണ് കോൺഗ്രസിനും ജെ.ജെ.പി.ക്കും ഒപ്പമുള്ള ജാട്ടുനേതാക്കളെ വലയിട്ടു പിടിക്കൽ തുടരുന്നത്. ഹരിയാണ നിയമസഭ കക്ഷിനില 2014 ആകെ സീറ്റ് 90 ബി.ജെ.പി. 47 ഐ.എൻ.എൽ.ഡി. 19 കോൺഗ്രസ് 15
from mathrubhumi.latestnews.rssfeed https://ift.tt/2MsYd61
via
IFTTT