Breaking

Sunday, October 20, 2019

രണ്ട് മെഡിക്കല്‍ കോളേജുകളില്‍ കൂട്ടക്കോപ്പിയടി: 41 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പരീക്ഷയിൽ നടന്ന കൂട്ടക്കോപ്പിയടിയെത്തുടർന്ന് 41 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. ചെന്നൈയ്ക്ക് സമീപം തണ്ടലത്തിലുള്ള മാധാ മെഡിക്കൽ കോളേജിലും കാഞ്ചീപുരം ജില്ലയിലെ മേൽമറവത്തൂരിലുള്ള ആദിപരാശക്തി കോളേജിലുമാണ് ഓഗസ്റ്റിൽ നടത്തിയ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയത്. മാധാ മെഡിക്കൽ കോളേജിലെ 41 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് ഡോ. എം.ജി.ആർ. മെഡിക്കൽ സർവകലാശാല റദ്ദാക്കിയത്. ഈ കോളേജിൽ അടുത്ത മൂന്നുവർഷവും ആദിപരാശക്തി കോളേജിൽ രണ്ടുവർഷവും പൊതുപരീക്ഷ നടത്തുന്നത് സർവകലാശാല തടഞ്ഞു. അജ്ഞാതസന്ദേശത്തെത്തുടർന്നാണ് സർവകലാശാലാ അധികൃതർ ഇരു കോളജുകളിലും അന്വേഷണം നടത്തിയത്. പരീക്ഷ നടത്തുന്നത് വീഡിയോയിൽ ചിത്രീകരിക്കണമെന്നത് നിർബന്ധമാക്കിയിരുന്നു. ഇപ്രകാരം ചിത്രീകരിച്ച വീഡിയോ പരിശോധിച്ചപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. മാധാ കോളജിൽ വിദ്യാർഥികൾ തുണ്ടുകടലാസുകളും പുസ്തകങ്ങളുംവെച്ച് പരീക്ഷ എഴുതുന്നത് വീഡിയോയിൽ വ്യക്തമായി. ചില വിദ്യാർഥികൾ ചോദ്യക്കടലാസ് ലഭിച്ച ഉടനെ പരീക്ഷ ഹാളിനു പുറത്തേക്ക് പോകുന്നതും അരമണിക്കൂർ കഴിഞ്ഞ് തിരിച്ചുവരുന്നതും വീഡിയോയിലുണ്ടായിരുന്നു. രണ്ടാംവർഷ വിദ്യാർഥികളായ 25 പേരും ഒരു മൂന്നാംവർഷ വിദ്യാർഥിയും അവസാനവർഷ വിദ്യാർഥികളായ 15 പേരും കോപ്പിയടിച്ചതായി കണ്ടെത്തി. ഇവരുടെ പരീക്ഷാഫലം റദ്ദാക്കുകയായിരുന്നു. കോളേജിൽ മൂന്നുവർഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നത് തടയുകയുംചെയ്തു. നിരീക്ഷണത്തിനായി എത്തിയ അധ്യാപകർ വിദ്യാർഥികളെ സഹായിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. ഇതേത്തുടർന്നാണ് ഈ കോളജിൽ അടുത്ത രണ്ടുവർഷം പരീക്ഷ നടത്തുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി മെഡിക്കൽ പ്രവേശനം നേടിയതിന് തമിഴ്നാട്ടിലെ വിവിധ മെഡിക്കൽ കോളേജുകളിൽനിന്നായി അഞ്ച് വിദ്യാർഥികൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കോപ്പിയടിയുമായി ബന്ധപ്പെട്ട സംഭവം പുറത്തായിരിക്കുന്നത്. Content Highlights: Exam papers of 41 Tamil Nadu medical students held invalid over mass copying


from mathrubhumi.latestnews.rssfeed https://ift.tt/2P5d6NE
via IFTTT