Breaking

Saturday, October 19, 2019

കൊട്ടിക്കലാശം ഇന്ന്; ഇളകി മറിഞ്ഞ് സംസ്ഥാന രാഷ്ടീയം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. വൈകീട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്. അരൂരിലും എറണാകുളത്തും ഇടത് വലത് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാടുമ്പോൾ വട്ടിയൂർക്കാവ്, മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കൊട്ടിക്കലാശത്തിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് പോലീസ് എല്ലായിടങ്ങളിലും മുൻകരുതലെടുത്തിട്ടുണ്ട്. കൊട്ടിക്കലാശം നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം മുന്നണികൾക്ക്സ്ഥലം വീതിച്ച് നൽകും. കുമ്പള, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിലാണ് പ്രധാനമായും മഞ്ചേശ്വരം മണ്ഡലത്തിൽ കൊട്ടിക്കലാശം നടക്കുക. വട്ടിയൂർക്കാവിൽ പേരൂർക്കടയാണ് ഇത്തവണയും കൊട്ടിക്കലാശത്തിന്റെ പ്രധാനകേന്ദ്രം. ഉച്ചയ്ക്ക് രണ്ടു മണിമുതൽ പ്രവർത്തകർ ഇവിടേക്ക് എത്തിത്തുടങ്ങും. ബാൻഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയാണ് മുന്നണി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. പേരൂർക്കടയിൽ മാത്രമാണ് യു.ഡി.എഫ്. കൊട്ടിക്കലാശം നടത്തുകയെന്ന് നേതാക്കൾ പറയുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി മറ്റിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കാനാണ് തീരുമാനമെന്നും അവർ പറയുന്നു. പേരൂർക്കടയ്ക്ക് പുറമേ മറ്റ് ചെറിയ ജങ്ഷനുകളിലും കൊട്ടിക്കലാശം നടത്തുമെന്ന് എൽ.ഡി.എഫ്. നേതൃത്വം പറഞ്ഞു. പേരൂർക്കടയ്ക്ക് പുറമേ വലിയവിള, കേശവദാസപുരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ കൊട്ടിക്കലാശം നടത്തുമെന്ന് എൻ.ഡി.എ. നേതൃത്വം പറയുന്നു. എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ പ്രചാരണ സമാപനം അഞ്ചു മണിക്ക് മണപ്പാട്ടിപ്പറമ്പിൽനിന്ന് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ ടൗൺഹാളിനു മുന്നിലെത്തി അവിടെ കൊട്ടിക്കലാശം നടത്തും. എൽ.ഡി.എഫ്. സ്ഥാനാർഥി മനു റോയിയുടെ കലാശക്കൊട്ട് കലൂർ ബസ് സ്റ്റാൻഡിൽ നടക്കും. കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ഉച്ചയ്ക്ക് 1.30-ന് വാത്തുരുത്തിയിൽനിന്ന് ആരംഭിക്കും. മുൻ എം.പി.യും നടനുമായ ഇന്നസെന്റ് റോഡ് ഷോ ഉദ്ഘാടനം ചെയ്യും. അഞ്ചു മണിയോടെ കലൂർ ബസ് സ്റ്റാൻഡിൽ എത്തി കൊട്ടിക്കലാശം നടത്തും. എൻ.ഡി.എ. സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ പ്രചാരണ സമാപനം പള്ളിമുക്കിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് തുടങ്ങും. മാധവ ഫാർമസി ജങ്ഷനിലെത്തി കൊട്ടിക്കലാശം നടത്തും. കോന്നിയിലെ കൊട്ടിക്കലാശത്തിന് കോന്നി കവലയിൽ രാഷ്ട്രീയ പാർട്ടികൾക്കും നിശ്ചിത സ്ഥലം അനുവദിച്ചു. പോസ്റ്റോഫീസ് റോഡിൽ ബി.ജെ.പി.യും ആനക്കൂട് റോഡിൽ യു.ഡി.എഫും ചന്തക്കവല റോഡിൽ എൽ.ഡി.എഫും അണിനിരക്കണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അരൂരിൽ മുന്നണികളുടെ കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങൾ; തുറവൂർ വില്ലേജ് ഓഫീസ് പരിസരം - യു.ഡി.എഫ്., തുറവൂർ ജങ്ഷൻ കിഴക്ക് - എൽ.ഡി.എഫ്., തുറവൂർ ജങ്ഷൻ പടിഞ്ഞാറ് - എൻ.ഡി.എ. കുത്തിയതോട് കെ.പി.കവല -യു.ഡി.എഫ്. നാലുകുളങ്ങര- എൽ.ഡി.എഫ്. കോടംതുരുത്ത് ബസ് സ്റ്റോപ്പ് - എൽ.ഡി.എഫ്., കോടംതുരുത്ത് കിഴക്കുവശം - യു.ഡി.എഫ്. അരൂർ പള്ളിക്ക് മുൻവശം യു.ഡി.എഫ്., അരൂർ അമ്പലം പരിസരം - എൽ.ഡി.എഫ്. ചന്തിരൂർ സ്കൂൾ പരിസരം - യു.ഡി.എഫ്., ചന്തിരൂർപാലം ബസ് സ്റ്റോപ്പ് - എൽ.ഡി.എഫ്. എരമല്ലൂർ എച്ച്.ഡി.എഫ്.സി.ബാങ്കിനു മുൻവശം - യു.ഡി.എഫ്. എരമല്ലൂർ ഓട്ടോ സ്റ്റാൻഡ് -എൽ.ഡി.എഫ്. മഞ്ചേശ്വരത്ത് കൊട്ടിക്കലാശം പ്രധാനമായും കുമ്പള, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിലാണ്. മൂന്ന് മുന്നണികൾക്കും പ്രത്യേകം സ്ഥലം നിശ്ചയിച്ചുനൽകി പോലീസ് മുൻകരുതലുകളെടുത്തിട്ടുണ്ട്. Content Highlights:Kerala by election 2019-campaign-kottikalasham


from mathrubhumi.latestnews.rssfeed https://ift.tt/2MrMV1O
via IFTTT