Breaking

Saturday, October 19, 2019

തോക്കുചൂണ്ടിയുള്ള കൊള്ളയ്ക്കിടെ വയോധികയുടെ നെറുകയിൽ കൊള്ളക്കാരന്റെ സ്നേഹ ചുംബനം- വീഡിയോ കാണാം

തോക്കുകളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനിടെ പ്രായമായ സ്ത്രീയോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുന്ന ഒരു മോഷ്ടാവിനോട് നമുക്കെന്താണ് തോന്നുക. ബ്രസീലിലെ ഒരു മെഡിക്കൽ ഷോപ്പിൽ പണം തട്ടാനെത്തിയ മോഷ്ടാക്കളിലൊരാൾ അവിടെയുണ്ടായിരുന്ന വയോധികയുടെ തോളത്തുപിടിച്ച് ആശ്വസിപ്പിക്കുകയും നെറുകയിൽ ചുംബനം നൽകുന്നതിന്റെയും വീഡിയോ യൂട്യൂബിൽ പ്രചരിച്ചതോടെ മോഷ്ടാവിന് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തിക്കഴിഞ്ഞു. മെഡിക്കൽ ഷോപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് പണം തട്ടാനെത്തിയത് രണ്ട് പേരാണെന്ന് വ്യക്തമാണ്. ഒരാൾ ഇരു കൈകളിലും തോക്കുകളുമായി നിൽക്കുമ്പോൾ മറ്റെയാൾ സാധനങ്ങൾ സഞ്ചിയിലാക്കുകയും മേശവലിപ്പിൽ നിന്നും പണമെടുക്കുകയും ചെയ്യുന്നു. ഷോപ്പിലെ ജീവനക്കാരൻ മോഷ്ടാക്കളുടെ ഭീഷണിയെത്തുടർന്ന് മുട്ടുകുത്തി ഇരിക്കുന്നതും കാണാം. തുടർന്ന് കൗണ്ടറിന്റെ സമീപത്ത് നിൽക്കുന്ന സ്ത്രീയോട് തോക്കുമായി നിൽക്കുന്നാൾ സംസാരിക്കുന്നതും അവരുടെ അടുത്തെത്തി നെറ്റിയിൽ ചുംബിക്കുന്നതും കാണാം. പിന്നീട് മോഷ്ടാക്കൾ പണവുമായി സ്ഥലം വിട്ടു. മോഷണശ്രമവും ഷോപ്പിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്നതും കണ്ട് പരിഭ്രമിച്ച സ്ത്രീ മോഷ്ടാവിനോട് തന്റെ കൈയിലെ പണം കൂടി എടുക്കാനാവശ്യപ്പെട്ടുവെന്നും എന്നാൽ നിങ്ങളുടെ പണം എനിക്കാവശ്യമില്ലെന്നും സമാധാനമായിരിക്കൂവെന്നും അവർക്കൊരു ചുംബനം നൽകി മോഷ്ടാവ് പറഞ്ഞുവെന്ന് മെഡിക്കൽ ഷോപ്പിന്റെ ഉടമ സാമുവൽ അൽമേഡിയ പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ ഇതു വരെ പിടികൂടാൻ സാധിച്ചില്ല. യൂട്യൂബിൽ പങ്ക് വെച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. നിരവധി പേർ മോഷ്ടാവിനെ അഭിനന്ദിച്ചു. മോഷണം ഉപേക്ഷിച്ച് മറ്റ് തൊഴിൽ നോക്കാൻ ഉപദേശിച്ചവരും ധാരാളം. Content Highlights: Armed Robber Refuses Cash From Elderly Woman, Kisses Her Forehead in Brazil


from mathrubhumi.latestnews.rssfeed https://ift.tt/35QggL1
via IFTTT