Breaking

Saturday, October 12, 2019

വ്യാജ ജഡ്‌ജിയെ അറസ്റ്റ് ചെയ്‌തു

മേട്ടുപ്പാളയം: ജഡ്ജിയെന്ന വ്യാജേന തമിഴ്നാട്ടിൽ പലേടങ്ങളിൽ സ്ഥലമിടപാട് കേസുകൾ കൈകാര്യംചെയ്ത ആളെ പോലീസ് അറസ്റ്റ്ചെയ്തു. മേട്ടുപ്പാളയംസ്വദേശി എ.ആർ. ചന്ദ്രനെയാണ് (54) ധർമപുരി ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്തത്. ഇയാളോടൊപ്പം ഗൺമാനായി നടന്നിരുന്ന തിരുവണ്ണാമല കണ്ണമംഗലംസ്വദേശി കുമാറിനെയും (49) അറസ്റ്റ്ചെയ്തു. ഇയാളിൽനിന്ന് തോക്കും കണ്ടെടുത്തു. 2012-ൽ സ്ഥലമിടപാട് സംബന്ധിച്ച ലാൻഡ് ട്രിബ്യൂണൽ ജഡ്ജി എന്ന ഐ.ഡി. കാർഡുമായി സഞ്ചരിച്ചിരുന്ന ചന്ദ്രൻ പഴയ പത്താംക്ലാസ് മാത്രമാണ് പാസായതെന്ന് ഇൻസ്പെക്ടർ ശിവശങ്കരൻ പറഞ്ഞു. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയശേഷം മേട്ടുപ്പാളയത്തെ വസതിയിലെത്തിച്ചപ്പോഴാണ് ഇരുനിലവീടിൻറെ മുകളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന വ്യാജരേഖകൾ കണ്ടെടുത്തത്. പട്ടാളത്തിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ അനുമതിയോടുകൂടി സിവിൽക്കേസുകൾ കൈകാര്യംചെയ്യുന്ന ആർബിട്രേഷൻ ജഡ്ജിയാണ് താനെന്നാണ് ഇയാൾ അന്വേഷിക്കുന്നവരോട് പറഞ്ഞിരുന്നത്. മേട്ടുപ്പാളയത്തെ സ്ഥിരതാമസക്കാരനാണെങ്കിലും ഇയാളുടെ മുൻകാലചരിത്രം ആർക്കുമറിയില്ല. നാല് വാഹനങ്ങളും നിരവധി വീടുകളും ഇയാൾക്ക് മേട്ടുപ്പാളയത്ത് മാത്രമുണ്ട്. അഞ്ഞൂറിലധികം വ്യാജസീലുകളുണ്ട്. ഇതിൽ ചെറിയകോടതികൾ മുതൽ ഹൈക്കോടതിവരെയുള്ള ജഡ്ജിമാരുടെ സീലുമുണ്ട്. നിരവധി സ്ഥലമിടപാട് സംബന്ധിച്ച രേഖകളും ഇയാൾ തീർപ്പാക്കിയ കേസുകളുടെ രേഖകളും മാത്രം ഒരു പെട്ടി ഓട്ടോവിൽ കയറ്റാൻമാത്രമുണ്ട്. മറ്റ് ജില്ലകളിൽ മാത്രമാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. ഇയാൾക്ക് തുണയായുണ്ടായിരുന്ന അഡ്വ. രാജരാമൻ, അഡ്വ. ജഗന്നിവാസൻ എന്നിവരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ നെറ്റ് വർക്കിൽ കൂടെയുണ്ടായിരുന്ന മറ്റുരണ്ട് അഭിഭാഷകരായ പി.കെ. മുനുസ്വാമി, പി.വി. രവി എന്നിവർ മുൻകൂർജാമ്യം വാങ്ങിയതിനാൽ അറസ്റ്റിൽനിന്ന് ഒഴിവായി. ഇവരെല്ലാം ധർമപുരി സ്വദേശികളാണ്. ചന്ദ്രനെതിരെയുള്ള സിവിൽക്കേസുകൾ ധർമപുരി, ഹൊസൂർ, സേലം കീഴ്ക്കോടതികളിൽ നിലവിലുണ്ടെങ്കിലും കെ.എസ്. ജഗന്നാഥൻ എന്നയാൾ ഹൈക്കോടതിയിൽ പോയതോടെയാണ് ധർമപുരി ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞ് പരാതിനൽകാൻ ദിവസവും ആളുകൾ എത്തുന്നുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു. ഇരുപതോളം വർഷമായി സ്വന്തമായുള്ള കാറിനുമുന്നിൽ ജഡ്ജിയെന്ന ബോർഡുമായാണ് യാത്ര. വർഷങ്ങൾക്കുമുമ്പ് ചെറിയതോതിലുള്ള പുസ്തകക്കടയാണ് ഇയാൾക്കുണ്ടായിരുന്നതെന്ന് അയൽക്കാർ പറയുന്നു. 2012-നുശേഷമാണ് സമ്പാദ്യത്തിൽ വൻ വളർച്ച ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വ്യാജ ഒസ്യത്ത് നിർമിച്ച് മറ്റൊരാൾക്ക് സ്ഥലംകൈമാറിയെന്ന കേസിലാണ് ഇയാളെ കരൂർ ടോൾഗേറ്റിൽവെച്ച് പോലീസ് പിടികൂടിയത്. ആഡംബര ജീവിതം സഫാരിസൂട്ട് ധരിച്ച രണ്ട് ആയുധധാരികളായ അംഗരക്ഷകർക്കൊപ്പമാണ് സഞ്ചാരം. മാസത്തിലൊരിക്കൽ രാത്രിയിൽ മാത്രമാണ് ചന്ദ്രൻ വന്നുപോകുന്നതെന്ന് അയൽക്കാർ പറയുന്നു. മേട്ടുപ്പാളയത്ത് മുമ്പ് ഇയാളുടെ പേരിൽ നൽകിയ കേസിൽ പണംനൽകി ഒഴിവായതോടെ കോയമ്പത്തൂർ ജില്ലയിൽ എവിടെയും സ്ഥലമിടപാടിൽ ഇയാൾ ഇടപെടാറില്ല. വിദ്യാഭ്യാസം കുറവാണെങ്കിലും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിനാൽ ആർക്കും സംശയംജനിക്കാതെ നോക്കും. നിരവധി അവാർഡുകളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. അവാർഡിനായി സ്വന്തമായി പരിപാടികൾ നടത്തുകയും രാഷ്ട്രിയ നേതാക്കളെ പങ്കെടുപ്പിക്കുകയുംചെയ്യും. തമിഴ്നാട്ടിലെ ഉന്നത രാഷ്ട്രിയ നേതാക്കളുമായെടുത്ത ഫോട്ടോകളാണ് വീടിനകം മുഴുവൻ. എല്ലാം ജഡ്ജിയെന്ന വ്യാജേന. ഒരുകേസിൽ മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഇയാളുടെ ഒരുവീട് മാത്രമാണ് രാവിലെമുതൽ വൈകീട്ടുവരെ പരിശോധിച്ചത്. മറ്റുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. Content Highlights:Fake judge held Crime branch mettupalayam,guns fake documents seized


from mathrubhumi.latestnews.rssfeed https://ift.tt/2MLQcs3
via IFTTT