വിശ്വാസികൾക്ക് ഹനുമാന്റെ ജന്മദേശമാണ് ഹരിയാണയിലെ കൈഥൽ. ഈ നിയമസഭാമണ്ഡലം കൈവിടാതിരിക്കാൻ കഠിന പ്രയത്നത്തിലാണ് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല. ഒരിക്കലുമിവിടെ ബി.ജെ.പി. വിജയിച്ചിട്ടില്ല; സുർജേവാലാ കുടുംബം മൂന്നുതവണ തുടർച്ചയായി ജയിച്ചിട്ടുമുണ്ട്. എന്നാൽ, ഇക്കുറി കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസും സുർജേവാലയും. കാരണം മറ്റൊന്നുമല്ല; 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈഥൽ മണ്ഡലപരിധിയിൽമാത്രം ബി.ജെ.പി. നേടിയത് 56,180 വോട്ടിന്റെ ലീഡാണ്. ബാലാകോട്ട്, പുൽവാമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി കിട്ടിയതാണിതെന്നും നിയമസഭാതിരഞ്ഞെടുപ്പിൽ അത് ഫലിക്കില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വാദം. 2014 ലോക്സഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 20,000 വോട്ടിന്റെ ലീഡുണ്ടായിട്ടും നിയമസഭയിലേക്ക് സുർജേവാലയ്ക്ക് 23,675 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതായി കൈഥലിലെത്തിയ എ.ഐ.സി.സി. കമ്യൂണിക്കേഷൻ വിഭാഗം സെക്രട്ടറി വിനീത് പുനിയ പറഞ്ഞു. ''മനോഹൽ ലാൽ ഖട്ടാർ മന്ത്രിസഭയുടെ ജനവിരുദ്ധ-കർഷകവിരുദ്ധ നയങ്ങളും വികസനമില്ലായ്മയുമാണ് ഇപ്പോഴത്തെ പ്രധാന വിഷയം. സംസ്ഥാനസർക്കാരിനെ താഴെയിറക്കാൻ കാത്തിരിക്കയാണ് ജനങ്ങൾ. ഈ തിരഞ്ഞെടുപ്പോടെ സുർജേവാല ഹാട്രിക് തികയ്ക്കും'' -അദ്ദേഹം അഭിപ്രായപ്പെടുന്നു. 2005-ൽ രൺദീപിന്റെ അച്ഛൻ ഷംഷേർസിങ് സുർജേവാലയാണ് മണ്ഡലം ആദ്യമായി സുർജേവാലാ കുടുംബത്തിലെത്തിക്കുന്നത്. മൂന്നുതവണ തോറ്റ ലോക്ദൾ സ്ഥാനാർഥി കൈലാഷ് ഭഗത് ഇത്തവണ ബി.ജെ.പി.യെയാണ് പിന്തുണയ്ക്കുന്നത്. 2014-ൽ ഇവിടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തായിരുന്നു. 2000-ത്തിൽ ലോക്ദൾ ടിക്കറ്റിൽ ജയിച്ച ലീലാറാം ഗുജ്ജറാണ് ജാട്ടുകളും ഗജ്ജറുകളും ഏറെയുള്ള മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി. ജെ.ജെ.പി., ഐ.എൻ.എൽ.ഡി. സ്ഥാനാർഥികളടക്കം വേറെയും 16 പേർ മത്സരരംഗത്തുണ്ടെങ്കിലും ആർക്കും വലിയ സ്വാധീനമില്ല. 2.01 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ മുപ്പതിനായിരത്തോളം ജാട്ട് വോട്ടുകളുണ്ട്(15 ശതമാനം). ജാട്ടുവിഭാഗക്കാരനായ സുർജേവാലയുടെ പ്രധാന ശക്തി ഇവർതന്നെ. 22,000 വരുന്ന (11 ശതമാനം ) ഗുജ്ജറുകളുടെ വോട്ട് ലീലാറാമിന് കിട്ടുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. പഞ്ചാബികൾ, ബ്രാഹ്മണർ, ദളിതർ എന്നിവർക്കും ഏറെ വോട്ടുകളുണ്ട്. തിരഞ്ഞെടുപ്പിൽ, ജാതിതിരിച്ച് ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നതായി ഇരുസ്ഥാനാർഥികളും പരസ്പരം ആരോപിക്കുന്നു. തനിക്ക് മണ്ഡലത്തിലെ 36 ജാതികളുടെയും പിന്തുണയുണ്ടെന്നാണ് സുർജേവാലയുടെ അവകാശവാദം. നഗര-ഗ്രാമ ഭേദമന്യേ തനിക്ക് എല്ലാ ജാതിക്കാരുമായും ബന്ധമുണ്ടെന്നാണ് ലീലാറാമിന്റെ മറുപടി. ഭൂപീന്ദർസിങ് ഹൂഡയുടെ കാലശേഷം ഹരിയാണാകോൺഗ്രസിന്റെ തലപ്പത്തെത്തുക എന്നതാണ് സുർജേവാലയുടെ മോഹം. 'ഭാവി മുഖ്യമന്ത്രി' എന്ന പ്രചാരണം അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാർ നടത്തിത്തുടങ്ങിയിട്ടുണ്ട്. ഇളക്കം തട്ടാത്ത 'കുടുംബമണ്ഡലം' അതിന് അത്യാവശ്യമാണ്. ഏതാനും മാസംമുമ്പ് നടന്ന ജിന്ദ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാംസ്ഥാനത്തായതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല, സുർജേവാലയ്ക്ക്. ജിന്ദിൽ ജയിച്ചാൽ കൈഥലിലെ എം.എൽ.എ. സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ ക്ലിപ്പിങ് ബി.ജെ.പി. വ്യാപകമായി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടിപ്പോൾ. എന്നാൽ, ജിന്ദിൽ ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലാണ് മത്സരിച്ചതെന്നും മുൻകാലങ്ങളിൽ കോൺഗ്രസ് നേടിയ വോട്ടിനെക്കാൾ കൂടുതൽ താൻ നേടിയതായും സുർജേവാല പറയുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുന്നണിപ്പടയാളികളിലൊരാളായ സുർജേവാലയെ എന്തുവിലകൊടുത്തും തോല്പിക്കണമെന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ നിരന്തര വിമർശകനായ സുർജേവാലയ്ക്കെതിരേ ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാതന്നെ പ്രചാരണത്തിനെത്തിയതിനും കാരണം മറ്റൊന്നല്ല. ഖുറാന വില്ലേജിലെ സർപഞ്ച് ആയ ഭായ് റാം ഫൽ മാലിക്കിനെ ജനനായക് ജനതാപാർട്ടി (ജെ.ജെ.പി.) സ്ഥാനാർഥിയായി നിർത്തിയിട്ടുണ്ട്. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും വോട്ടിങ് നിലവാരത്തെ സ്വാധീനിക്കാൻ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിനാവുമെന്ന് ജെ.ജെ.പി. കാര്യകർത്താക്കളായ ബർറാം കോട്ട്ളയും പ്രേംചന്ദും റാംഫലും പറയുന്നു. ബി.ജെ.പി. കൈത്തലിൽ ജയിക്കുമെന്നാണ് ജെ.ജെ.പി. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ റാം ഫൽ മാലിക്കിന്റെ പ്രവർത്തനങ്ങളിലേർപ്പെട്ട മൂവരുടെയും വ്യക്തിപരമായ അഭിപ്രായം.
from mathrubhumi.latestnews.rssfeed https://ift.tt/32u09Rh
via
IFTTT