നാഗ്പുർ: കേരളത്തിന്റെ ദേശീയപാതാവികസനം ദ്രുതഗതിയിൽ നടക്കുമെന്നും ഇതിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40,000 കോടിയോളം രൂപ നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടയിൽ ‘മാതൃഭൂമി’യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സങ്ങളെല്ലാം ഇപ്പോൾ മാറിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നത് അവിടെ വലിയ പ്രശ്നമായിരുന്നു. അതിപ്പോൾ കാര്യമായ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. ഇതിനുള്ള ചെലവിന്റെ 25 ശതമാനം കേരളസർക്കാർ തരാൻ തയ്യാറുമായി. അതിനാൽ ഇനി തടസ്സങ്ങളില്ലാതെ പദ്ധതി പെട്ടെന്ന് തീർക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ഇനി പണം ഒരു പ്രശ്നമേയല്ല. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 35,000 കോടിമുതൽ 40,000 കോടിവരെ രൂപ കേന്ദ്രംനൽകും. നിരവധിപദ്ധതികളാണ് ഞങ്ങളുടെ മുന്നിൽ ഇപ്പോഴുള്ളത്. കേരളത്തിലെ റോഡ് വികസനപദ്ധതികൾ പല കാരണങ്ങളാൽ ഏറെ വൈകിയിട്ടുണ്ട്. അതിനാൽ ഈ പദ്ധതികൾക്ക് മുൻഗണനയും നൽകും. കേരളത്തിലെ ദേശീയപാതാവികസന പദ്ധതി പെട്ടെന്നുതീർക്കാനുള്ള എല്ലാ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. സ്ഥലം ഏറ്റെടുക്കൽ കേരളത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായതിനാൽ എല്ലായിടത്തും 60 മീറ്റർ വീതിയിൽ റോഡ് നിർമാണം പ്രായോഗികമല്ല. സ്ഥലം കിട്ടുന്നതിനനുസരിച്ച് ചിലയിടങ്ങളിൽ 60 മീറ്ററും മറ്റിടങ്ങളിൽ 45 മീറ്ററുംവീതിയിലാവും റോഡ് നിർമിക്കുക - അദ്ദേഹം പറഞ്ഞു. പിണറായി നല്ല സുഹൃത്ത്കേരളത്തെ കൈയയഞ്ഞു സഹായിക്കുന്ന ഏക കേന്ദ്രമന്ത്രി എന്ന പേര് താങ്കൾക്കുണ്ടല്ലോ എന്ന ചോദ്യത്തിന്, താൻ എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണെന്നും എല്ലാ സംസ്ഥാനത്തെപ്പോലെയും കേരളത്തെയും കാണുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബി.ജെ.പി.യും സി.പി.എമ്മും കേരളത്തിൽ ബദ്ധശത്രുക്കളായിട്ടും താങ്കൾ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല സൗഹൃദത്തിലാണല്ലോ എന്ന ചോദ്യത്തിന്, രാഷ്ട്രീയവും വികസനവുമായി ഒരിക്കലും താൻ കൂട്ടിക്കുഴയ്ക്കാറില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.’ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം നേരിട്ട പല പ്രശ്നങ്ങളിലും എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട’- ഗഡ്കരി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2VVfqIl
via
IFTTT