കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആൽഫാ വെഞ്ചേഴ്സ് ഫ്ളാറ്റിൽ തൊഴിലാളികൾ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീൽ എന്ന കമ്പനിയാണ് ഫ്ളാറ്റ് പൊളിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് അവരുടെ ആചാര രീതിയനുസരിച്ചുള്ള പൂജകൾ നടത്തിയത്. രണ്ട് ഫ്ളാറ്റുകളാണ് പൊളിക്കുന്നതിനായി ഇതുവരെ കൈമാറിയത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്സ് എന്ന കമ്പനിക്കാണ് മറ്റു ഫ്ളാറ്റുകൾ പൊളിക്കാനുള്ള ചുമതല. ഇതിനിടെ ഫ്ളാറ്റിന്റെ നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് നാല് ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടേണ്ടത്. ഫ്ളാറ്റുടമകൾക്ക് സർക്കാർ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകണം. ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്തുകണ്ടുകെട്ടി സർക്കാർ ഈ പണം ഈടാക്കുകയും വേണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാൽ ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ ആര് കണ്ടുകെട്ടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. Content Highlights:Maradu flat demolishing process start
from mathrubhumi.latestnews.rssfeed https://ift.tt/32jfCUe
via
IFTTT